ഇരുവരുടെയും കുടുംബങ്ങളെ ഓര്‍ത്ത് ക്ഷമാപണം സ്വീകരിക്കുന്നു; അപമാനിച്ച യുവാക്കള്‍ക്ക് മാപ്പ് നല്‍കി നടി

ലുലു മാളില്‍ വെച്ച് തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി. ഇരുവരുടെയും കുടുംബങ്ങളെ ഓര്‍ത്താണ് മാപ്പ് നല്‍കുന്നത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വ്യക്തമാക്കി.

നടിയുടെ കുറിപ്പ്:

ലുലുവില്‍ നടന്ന സംഭവത്തില്‍, ക്ഷമാപണം നടത്താനുള്ള വ്യക്തികളുടെ ആഗ്രഹം ഞാന്‍ അംഗീകരിക്കുന്നു. സംഭവത്തില്‍ ഉടന്‍ തന്നെ നടപടിയെടുത്ത പൊലീസിനും മാധ്യമങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.

നിങ്ങളുടെ വാക്കുകള്‍ എനിക്കും എന്റെ കുടുംബത്തിനും കരുത്ത് പകര്‍ന്നു, കൂടാതെ മറ്റ് രണ്ട് കുടുംബങ്ങളും ദുഷ്‌കരമായ സമയത്തിലൂടെ കടന്നു പോകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങള്‍ എന്നോടൊപ്പം പങ്കിട്ട എല്ലാവരോടും ഞാന്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നു, ഒപ്പം നിങ്ങള്‍ ശക്തരായി തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദ്, ആദില്‍ എന്ന യുവാക്കളാണ് നടിയെ അപമാനിച്ചത്. മനഃപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലെന്നും അപമാനിച്ചിട്ടില്ലെന്നും പറഞ്ഞ് യുവാക്കള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരുന്നു.