ആ വീഡിയോ ഞാന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാം: 'അമ്മ'യെ വെല്ലുവിളിച്ച് ഷമ്മി തിലകന്‍

‘അമ്മ’യുടെ ജനറല്‍ ബോഡി നടന്നപ്പോള്‍ പകര്‍ത്തിയ വീഡിയോ താന്‍ പുറത്തുവിട്ടെന്ന് തെളിയിച്ചാല്‍ പകുതി മീശ വടിക്കാമെന്ന് ഷമ്മി തിലകന്‍. ഞാന്‍ വിഡിയോ എടുത്തിട്ടുണ്ട്, പക്ഷേ പുറത്തു വിട്ടിട്ടില്ല. കൂടുതലും താന്‍ എടുത്തത് ഫോട്ടോസ് ആണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

‘എനിക്ക് വീഡിയോ ഷൂട്ട് ചെയ്യണം എന്ന ഉദ്ദേശമൊന്നും ഇല്ലായിരുന്നു. പക്ഷേ അവിടെ സംഘടനയില്‍ ഞാന്‍ ഉന്നയിച്ച ഒരു പ്രധാനപ്പെട്ട വിഷയം ഉണ്ടായിരുന്നു. ഞങ്ങളുടെ ബൈലോയുടെ ഭേദഗതിയെക്കുറിച്ചായിരുന്നു അത്. അതുകൊണ്ടാണ് അക്കാര്യം ചര്‍ച്ച ചെയ്യുന്ന സമയത്ത് വീഡിയോ എടുത്തത്.’

‘വീഡിയോ ഷൂട്ട് ചെയ്തു പുറത്തുവിട്ടെന്നുള്ള ആരോപണം തെളിയിച്ചാല്‍ പകുതി മീശ വാടിച്ചു കളയാം എന്ന് ഞാന്‍ പറയുകയാണ്. എനിക്കയച്ച കുറ്റപത്രത്തില്‍ സാദിക്ക് എന്ന നടന്‍ ആരോപിച്ചിരിക്കുന്നത് ഞാന്‍ ഫെയ്‌സ്ബുക്കില്‍ അത്തരമൊരു വിഡിയോ പോസ്റ്റ് ചെയ്തെന്നും സാദിക്കിന് അത് ആരോ അയച്ചുകൊടുത്തു എന്നുമാണ്. അയച്ചുകൊടുത്തെങ്കില്‍ പുള്ളി അത് പുറത്തു വിടട്ടെ. അപ്പോള്‍ നോക്കാം. പറയുമ്പോള്‍ സൂക്ഷിച്ചു പറയണം’ ഷമ്മി തിലകന്‍ പറഞ്ഞു.