കാര്യം അറിയാനായി സിനിമയില്‍ നിന്നും പലരും വിളിക്കുന്നുണ്ട്, സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ല: ജനാര്‍ദനന്‍

നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് വ്യാജ പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ ആദരാഞ്ജലികള്‍ എന്നെഴുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനാര്‍ദനന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദനന്‍ പ്രതികരിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.

വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്‍ദനന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും നടന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് ഫാന്‍ പേജും പ്രതികരിച്ചു. നേരത്തെ ഗായിക എസ് ജാനകി മരിച്ചു എന്ന വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഒന്‍പത് തവണയാണ് ഗായിക മരിച്ചുവെന്ന പ്രചാരണങ്ങള്‍ നടന്നത്.

Read more

അടൂര്‍ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന (1977) എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദനന്‍ അഭിനയ രംഗത്തേക്ക് എത്തിയത്. പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവന്‍ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം.