പ്രണവ് ഇതുവരെ ഒരു സിനിമയിലും ഇടാത്ത തരത്തിലുള്ള ദയനീയ ഭാവത്തില്‍ എന്നെ നോക്കി.. ആ സീന്‍ എടുത്തത് ഇങ്ങനെയായിരുന്നു: അശ്വത് ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ആന്റണി താടിക്കാരന്‍ എന്ന വേഷത്തിലെത്തിയ നടന്‍ അശ്വത് ലാലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രണവിനൊപ്പമുള്ള ഇമോഷണല്‍ സീനിനെ കുറിച്ചാണ് അശ്വത് ഇപ്പോള്‍ തുറന്നു പറയുന്നത്.

ഇതുവരെ ഒരു സിനിമയിലും ഇമോഷണല്‍ സീന്‍ ചെയ്യാത്തതിനാല്‍ ഹൃദയത്തിലെ സീനില്‍ അഭിനയിക്കുമ്പോള്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു എന്നാണ് അശ്വത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ആ ദിവസം രാജു ചേട്ടന്‍ പാടിയ പാട്ടിന്റെ ഷൂട്ടായിരുന്നു. ബ്രേക്കിന്റെ സമയത്താണ് അടുത്തത് ഈ സീന്‍ ആണെന്ന് അസോസിയേറ്റ് അരുണ്‍ ചേട്ടന്‍ വന്നു പറയുന്നത്.

ഡയലോഗ് ഒന്നു നോക്കി വച്ചേക്കണേ എന്നു പറഞ്ഞ് അദ്ദേഹം പോയി. താന്‍ വേഗം പ്രണവിന്റെ അടുത്തു ചെന്നു കാര്യം പറഞ്ഞു. ആളും ഇക്കാര്യം അപ്പോള്‍ അറിഞ്ഞിട്ടേയുള്ളൂ. സാധാരണ തങ്ങള്‍ രണ്ടു പേരും ടേക്ക് പോകുന്നതിനു മുമ്പ് ഒരുമിച്ചിരുന്ന് വര്‍ക്ക് ചെയ്തു നോക്കാറുണ്ട്. ഈ സീക്വന്‍സ് വര്‍ക്ക് ചെയ്തു നോക്കാന്‍ തങ്ങള്‍ കാരവാനിലേക്ക് പോയി.

അവിടെ ഇരുന്ന് സംസാരിച്ച് ഉറങ്ങി എണീറ്റത് ഒരു മണിക്കൂറിന് ശേഷമാണ്. അപ്പോഴേക്കും അസിസ്റ്റന്റ് ചേട്ടന്‍ കാരവനിലെത്തി. ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ… അടുത്ത സീന്‍ എടുക്കണ്ടേ, എന്നൊക്കെ പറഞ്ഞപ്പോഴാണ് നേരം പോയ കാര്യം തിരിച്ചറിയുന്നത്. അപ്പോഴേക്കും കോസ്റ്റ്യൂം എത്തി. അപ്പോഴും തങ്ങളുടെ ഒരു വിശ്വാസം വിനീതേട്ടനിലായിരുന്നു.

സാധാരണ ഒരു സീന്‍ പോകുന്നതിനു മുമ്പ് അതിനെ കുറിച്ച് ഞങ്ങളോട് വിശദമായി സംസാരിക്കാറുണ്ട്. അങ്ങനെയൊരു സമയം കിട്ടുമല്ലോ എന്ന ധൈര്യത്തില്‍ ഭക്ഷണം കഴിച്ച് വേഗം സെറ്റിലെത്തി. അവിടെ എത്തിയപ്പോള്‍ വിനീതേട്ടന്‍ തങ്ങളെ മൈന്‍ഡ് പോലും ചെയ്യുന്നില്ല. ക്യാമറയും ലൈറ്റുമൊക്കെ സെറ്റ് ചെയ്ത് ഓടി നടക്കുകയാണ്.

അവസാനം നമുക്ക് ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ ഈ സീന്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞില്ലല്ലോ എന്ന് താന്‍ ചോദിച്ചു പോയി. വിനീതേട്ടന്‍ ഒരു സെക്കന്‍ഡ് ഇങ്ങനെ ആലോചിച്ചിട്ടു പറഞ്ഞു, ‘അശ്വത്തേ, ഈ സീന്‍ നിങ്ങള്‍ അങ്ങ് ചെയ്‌തോ… എനിക്ക് ആവശ്യമുള്ളത് ഞാന്‍ എടുത്തോളാം’ എന്ന്. താന്‍ പ്രണവിനെ ഒരു നോട്ടം നോക്കി.

പ്രണവ് ഇതുവരെ ഒരു സിനിമയിലും ഇടാത്ത തരത്തിലുള്ള ഭാവത്തില്‍ തന്നെ തിരിച്ചു നോക്കി. തങ്ങള്‍ ജസ്റ്റ് സ്‌ക്രിപ്റ്റ് നോക്കി നേരെ അങ്ങു ചെയ്തു. സെല്‍വ വാങ്ങിച്ച സാരി അരുണിന് കൊടുക്കുന്നതും അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതുമെല്ലാം. ആ സീന്‍ തിയേറ്ററില്‍ കണ്ടപ്പോള്‍ ഒരുപാടു പേര്‍ അതു നന്നായിട്ടുണ്ടെന്നു പറഞ്ഞു. ആ സീന്‍ വര്‍ക്ക് ആയതിന് പിന്നില്‍ പരസ്പര വിശ്വാസമാണെന്നും അശ്വത് പറഞ്ഞു.