'ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ', ഐശ്വര്യയെ ശകാരിച്ച് ബച്ചന്‍; വീഡിയോ വൈറല്‍

അമിതാഭ് ബച്ചനൊപ്പമുള്ള ഐശ്വര്യ റായ്‌യുടെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമിതാഭ് ബച്ചനെ കെട്ടിപ്പിടിച്ച് സംസാരിക്കുന്ന ഐശ്വര്യയെയും കൊച്ചുമകളെ പോലെ പെരുമാറുന്നത് നിര്‍ത്തൂ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

”ഇദ്ദേഹമാണ് ബെസ്റ്റ്” എന്നാണ് ഐശ്വര്യ അമിതാഭിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറയുന്നത്. പിന്നാലെ തമാശയോടെ ഐശ്വര്യയെ താരം ശകാരിക്കുന്നതും കാണാം. ”ആരാധ്യയെ പോലെ പെരുമാറുന്നത് നിര്‍ത്തൂ” എന്നാണ് ബച്ചന്‍ പറയുന്നത്.

”എന്നാലും ഇക്കാര്യം എല്ലാവര്‍ക്കും അറിയാം” എന്നാണ് ഐശ്വര്യ വീഡിയോയില്‍ പറയുന്നത്. ഐശ്വര്യ വീണ്ടും ബിഗ് ബിയെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. എല്ലാ വര്‍ഷവും ഭര്‍ത്താവിന്റെ പിതാവായ ബച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ഐശ്വര്യ പോസ്റ്റ് പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ ബച്ചനും ആരാധ്യയും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന മനോഹരമായ ചിത്രമായിരുന്നു ഐശ്വര്യ പങ്കുവെച്ചത്. അതേസമയം, ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു ബച്ചന് പരിക്കേറ്റത്.

പ്രോജക്ട് കെ എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തുന്നത്. ഐശ്വര്യയുടെതായി പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഐശ്വര്യ വേഷമിടുന്നത്.