ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കും. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും വിരമിച്ച ഒഴിവിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തുക എന്നത് സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണുണ്ടാക്കിയത്. ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ എത്താനാണ് കൂടുതല്‍ സാധ്യത. ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ജൂണ്‍ 20നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. ഇന്ത്യന്‍ ടീമിലേക്ക് സായി സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നീ താരങ്ങള്‍ക്ക് അവസരം ലഭിക്കാനുളള സാധ്യത കൂടുതലാണ്.
ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ മിന്നുംഫോമില്‍ കളിച്ച കരുണ്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും എത്താനുളള ഒരുക്കങ്ങളിലാണ്. സായി സുദര്‍ശനാവട്ടെ ഐപിഎലില്‍ ഉള്‍പ്പെടെ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇരുവരും ഇംഗ്ലണ്ടിലേക്കുളള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിരാട് കോഹ്ലിയുടെ നാലാം നമ്പറില്‍ കരുണ്‍ നായര്‍ നല്ലൊരു ഓപ്ഷനാണെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ പറയുന്നത്.
സായി സുദര്‍ശന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുളള ഇന്ത്യ എ ടീമില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചുകഴിഞ്ഞു. എ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ ഉറപ്പായും സീനിയര്‍ ടീമില്‍ സായിക്ക് അവസരം കിട്ടും. ഇംഗ്ലണ്ടിനെതിരെ ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും തന്നെ വീണ്ടും കളിക്കാനാണ് സാധ്യത. മൂന്നാമനായി ഗില്ലും ഇറങ്ങും. നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യരും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ടാകും. റിഷഭ് പന്ത് തന്റെ സ്ഥാനത്ത് വീണ്ടും തുടരും. രവീന്ദ്ര ജഡേജയ്ക്കും സ്ഥാനം ഉറപ്പാണ്.
Read more
വാഷിങ്ടണ്‍ സുന്ദറിനെയും ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യ വീണ്ടും പരിഗണിച്ചേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവരായിരിക്കും പ്രധാന പേസ് ബോളര്‍മാര്‍. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ഹര്‍ഷിത് റാണ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ടീമിലുണ്ടാവും. നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ക്കും ഇത്തവണ ടീമിലേക്കുളള വിളി എത്താനുളള സാധ്യതകളുണ്ട്.