ആത്മഹത്യ ചെയ്യരുതെന്ന് ഞാന്‍ സുശാന്തിനോട് പറഞ്ഞിരുന്നു, അവന്റെ ഫോണിനായി കാത്തിരിക്കുകയായിരുന്നു, എന്നാല്‍: സ്മൃതി ഇറാനി

സുശാന്ത് സിംഗ് രജ്പുത്ത് അന്തരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ മരണകാരണം ചുരുളഴിയാതെ തുടരുകയാണ്. 2020ല്‍ ആണ് സുശാന്തിനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

ഇതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സുശാന്തിനോട് ആത്മഹത്യ ചെയ്യരുതെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് സ്മൃതി ഇറാനി പറയുന്നത്. സുശാന്ത് മരിച്ച ദിവസം താന്‍ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നെങ്കിലും അവന്റെ കോള്‍ പ്രതീക്ഷിച്ചിരുന്നു എന്നാണ് സ്മൃതി പറയുന്നത്.

ജീവിതം അവസാനിപ്പിക്കരുതെന്ന് താന്‍ അവനോട് പറഞ്ഞിരുന്നു. സുശാന്ത് മരിച്ച ദിവസം ഒരു വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു. എന്നാല്‍ തനിക്കത് തുടരാനായില്ല. നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവന്‍ എന്താണ് തന്നെ വിളിക്കാത്തത് എന്ന് ആശ്ചര്യപ്പെട്ടു.

ഒരു പ്രാവശ്യമെങ്കിലും തന്നെ വിളിക്കേണ്ടതാണ്. പെട്ടെന്ന് അവനെ പറ്റി പല ആശങ്കകളും ഉണ്ടായി. സുഹൃത്തായ അമിത്തിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. അവന് ജീവിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു അമിത്തിന്റെ മറുപടി എന്നാണ് സ്മൃതി ഇറാനി ഒരു അഭിമുഖത്തില്‍ പറയുന്നത്.

ടെലിവിഷന്‍ സീരിയലുകളില്‍ സ്മൃതിയും സുശാന്തും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂണ്‍ 14ന് ആണ് സുശാന്ത് ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പുറത്തു വന്നതോടെ എന്‍സിബിയും ഇഡിയും സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.