അന്ന് 'സീറോ' നേടിയത് ആകെ 193 കോടി; രണ്ട് ദിവസത്തിനുള്ളില്‍ റെക്കോഡ് നേട്ടവുമായി 'പത്താന്‍'

ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 235 കോടിയാണ് നേടിയത്. ഒരു ഷാരൂഖ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗ് കൂടിയാണിത്. നിലവില്‍ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോര്‍ഡ് വിജയം തുണയായിരിക്കുകയാണ്.

പത്താന്‍ രണ്ട് ദിവസത്തിനുള്ളില്‍ 235 കോടി കടന്നുവെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പത്താന്റെ ഒ.ടി.ടി വിതരണ അവകാശത്തിനായി നല്‍കിയത്.

നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. നടന്റേതായി ഇതിന് മുമ്പ് റിലീസ് ചെയ്ത ‘സീറോ’ എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും ആകെ കളക്ട് ചെയ്തത് 193 കോടിയായിരുന്നു. എന്നാല്‍ പത്താന്‍ ആദ്യദിനം തന്നെ 100 കോടിയാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കളക്ഷനാണിത്.

കേരളത്തിലും ചിത്രം കോടികളാണ് വാരുന്നത്. രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പത്താന്റെ ഗ്രോസ് കലക്ഷന്‍. തമിഴ്‌നാട്ടില്‍ ഡബ്ബ് ചെയ്ത പതിപ്പാണ് റിലീസിനെത്തിയത്. നാല് കോടിയാണ് ആദ്യ ദിനം ചിത്രം തമിഴ്‌നാട്ടില്‍ നിന്നും നേടിയത്. അതേസമയം, റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി ഓണ്‍ലൈനില്‍ എത്തിയിരുന്നു.

പൈറസി, സംഘപരിവാര്‍ വിവാദങ്ങള്‍ക്കും ഇടയിലാണ് പത്താന്റെ ചരിത്ര നേട്ടം. ചിത്രത്തിലെ ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ നായിക ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞതായിരുന്നു സംഘപരിവാര്‍, ഹിന്ദു സംഘടനകള്‍ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങളുമായി എത്താന്‍ കാരണമായത്.