ഭര്‍ത്താവിന് ബാധ കൂടിയെന്ന് ആ പൊലീസുകാരി പറഞ്ഞു, അയാളെ രക്ഷിക്കാനായിരിക്കണം ഒരുപക്ഷേ എന്റെ ജയില്‍വാസം: റിയ ചക്രബര്‍ത്തി

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെ വിവാദത്തില്‍ അകപ്പെട്ട നടിയാണ് റിയ ചക്രബര്‍ത്തി. നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സ്വന്തം പോഡ്കാസ്റ്റ് ഷോയിലൂടെയാണ് നടി ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗായകന്‍ യോയ യോ ഹണി സിംഗുമായുള്ള എപ്പിസോഡില്‍ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തനിക്ക് ആറ് വര്‍ഷമായി ബൈപോളാര്‍ ഡിയോര്‍ഡര്‍ ആണെന്ന് ഹണി സിംഗ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ ജയില്‍ അനുഭവങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബൈപോളാര്‍ ഡിസോഡറിന്റെ വളരെ അടുത്തെത്തിയ വ്യക്തിയാണ് താന്‍ എന്നാണ് റിയ പറയുന്നത്. ഈ രോഗാവസ്ഥയെല്ലാം വളരെ സ്വകാര്യതയുള്ള കാര്യങ്ങളാണ്.

പലരും സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പോലും മടിച്ചുനില്‍ക്കുന്നവരാണ്. ആ ഘട്ടത്തില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ മുന്നോട്ട് വന്നു തുറന്നു പറയുന്നത് വലിയ കാര്യമാണ്. ആളുകള്‍ക്ക് ബൈപോളാര്‍ ഡിസോഡറിനെ കുറിച്ച് അറിയില്ല. രോഗിക്ക് ഭ്രാന്താണെന്നോ ബാധ കേറിയെന്നോ ആണ് ചുറ്റുമുള്ളവര്‍ കരുതുന്നത്.

ഞാന്‍ ജയിലിലുള്ളപ്പോള്‍ മാധ്യമ സെന്‍സേഷനായ കേസുകളിലെ പ്രതികളെ ആത്മഹത്യ നിരീക്ഷണം നടത്തുമായിരുന്നു. ഏകാന്ത തടവിലായിരുന്നത് എന്നെ നോക്കിയിരുന്നത് രണ്ട് വനിത പൊലീസുകാരികളായിരുന്നു. അവരോട് ഞാന്‍ മാനസികാരോഗ്യത്തെ കുറിച്ച് ധാരാളം സംസാരിച്ചു. 15 ദിവസത്തോളം ഞാന്‍ നിരന്തരം സംസാരിച്ചു.

16-ാം ദിവസം അതിലൊരു സ്ത്രീ എന്നോട് പറഞ്ഞു അവര്‍ അവരുടെ ഗ്രാമത്തില്‍ പോവുകയാണെന്ന്. അവരുടെ ഭര്‍ത്താവിനെ ബാധകൂടിയതാണെന്ന് പറഞ്ഞ് ഗ്രാമത്തിലെ ആല്‍മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞു. ഭര്‍ത്താവിന് മാനസിക പ്രശ്നമാണെന്ന് ആ വനിത പൊലീസുകാരി മനസിലാക്കി.

മാനസിക പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കി കൊടുത്തതിന് അവര്‍ എന്നോട് നന്ദി പറഞ്ഞു. ജാമ്യം കിട്ടിയ ദിവസം അവര്‍ എന്നെ കാണാന്‍ വന്നിരുന്നു ഭര്‍ത്താവിന് ബൈപോളാര്‍ ഡിസോഡര്‍ ആണെന്ന് കണ്ടെത്തിയെന്ന് അവര്‍ പറഞ്ഞു. ആ മനുഷ്യനെ രക്ഷിക്കാനായിരിക്കണം ഒരുപക്ഷേ എന്റെ ജയില്‍വാസം എന്നാണ് റിയ ചക്രബര്‍ത്തി പറയുന്നത്.