'ഇത് നാണക്കേടാണ് നമ്മള്‍ ഭക്ഷ്യ പ്രതിസന്ധിയിലല്ല'; ലോക്ഡൗണില്‍ പരിഭ്രാന്തരാകരുതെന്ന് രാധിക ആപ്‌തെ

കൊറോണ പ്രതിസന്ധിയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. 1251 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ചെയ്തതോടെ കൂട്ടമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി നിറച്ച് വെക്കുന്ന ആളുകളോട് ഇത് വളരെ നാണക്കേടാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി രാധിക ആപ്‌തെ.

ദിവസവേതനക്കാരെല്ലാം പ്രതിസന്ധിയിലാണെന്നും അവരെ സഹായിക്കണമെന്നും രാധിക ആപ്‌തെ പറയുന്നു. കൂടാതെ ഗോവയിലുള്ള തന്റെ സുഹൃത്തിന്റെ അനുഭവം താരം വിവരിച്ചു. “”അവിടെ ഭക്ഷണമില്ല എന്നാണ് ഗോവയിലുള്ള സുഹൃത്ത് പറഞ്ഞത്. ഇതിനെ കുറിച്ച് നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇത് ശരിക്കും നാണക്കേടാണ്. നമ്മള്‍ ഒരു ഭക്ഷ്യ പ്രതിസന്ധിയില്‍ അല്ല”” എന്ന് താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ആളുകള്‍ പരിഭ്രാന്തരാകേണ്ട ആവിശ്യമില്ല. നമ്മള്‍ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ അത് ഒരുപാട് ആളുകളെ കൂടി ബാധിക്കുമെന്നും രാധിക ആപ്‌തെ പ്രതികരിച്ചു. ഭര്‍ത്താവ് ബെനഡിക്റ്റ് ടെയ്‌ലറിനൊപ്പം ലണ്ടനിലാണ് താരം.