രവീണ മദ്യപിച്ചിരുന്നില്ല;  ബാന്ദ്രയിലെ മുഴുവന്‍ സിസിടിവിയും പരിശോധിച്ച് പൊലീസ്

ബോളിവുഡ് താരം രവീണ ടണ്ടനെതിരെ ലഭിച്ചത് വ്യാജ പരാതിയെന്ന് മുംബൈ പൊലീസ്. നടിയുടെ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കുപറ്റി എന്നും മദ്യലഹരിയില്‍ ആയിരുന്ന നടി അപമാനിച്ചു എന്നുമായിരുന്നു പരാതി. സിസിടിവി ഉള്‍പ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയത്.

നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു.

ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആള് വരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കിക്കുകയായിരുന്നു. ബാന്ദ്രയിലായിരുന്നു സംഭവം. തര്‍ക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ടന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്.

ഇതോടെ നടിയെ ആളുകള്‍ പിടിച്ചു തള്ളുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ തല്ലരുത് എന്ന് രവീണ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. ഈ പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് പരാതി വ്യാജമാണെന്ന് വ്യക്തമാക്കിയത്. പിന്നാലെ ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തു.

Read more