എന്റെ കാലിന് നീട്ടം കൂടുതലാണെന്ന് പറഞ്ഞ് ഇഷ്ടപ്പെട്ട ജോലിയില്‍ നിന്നും ഒഴിവാക്കി; വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍

ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി ആണ് അമിതാഭ് ബച്ചന്‍. ഉയരം കാരണം തന്നെ ഇഷ്ടപ്പെട്ട ജോലിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ഷോയില്‍ സംസാരിക്കവെയാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

വ്യോമസേനയില്‍ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കുകയായിരുന്നു എന്നാണ് ബച്ചന്‍ പറയുന്നത്. ”പഠനം പൂര്‍ത്തിയായ ശേഷം എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുകയായിരുന്നു ഞാന്‍. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമാണ് ഞാന്‍ താമസിച്ചിരുന്നത്.”

”ഞങ്ങളുടെ അടുത്തായി ഒരു മേജര്‍ ജനറല്‍ താമസിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വന്ന് എന്നെ അദ്ദേഹത്തിനൊപ്പം അയക്കാന്‍ അച്ഛനോട് പറഞ്ഞു. എന്നെ ആര്‍മിയില്‍ വലിയ ഉദ്യോഗസ്ഥനാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് വ്യോമസേനയില്‍ ചേരണം എന്നായിരുന്നു.”

”പക്ഷേ ഒന്നും നടന്നില്ല. ഞാന്‍ അഭിമുഖത്തിനായി പോയപ്പോള്‍ എന്റെ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് എന്നെ നിരസിച്ചു” എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എന്നത്തേയും പോലെ ബച്ചന്റെ ഈ വാക്കുകളും ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ഗണ്‍പത് ആണ് ബച്ചന്റെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം.