'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നുവെന്ന് കുറ്റപ്പെടുത്തി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ മരിച്ച ആദിവാസി വീട്ടമ്മ സീതയുടെ മരണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. വീട്ടമ്മയുടെ മരണത്തിൽ വ്യക്തത വരുംമുമ്പ് വനംവകുപ്പിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞ മന്ത്രി പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമല്ലേ പ്രതിഷേധിക്കേണ്ടതെന്നും ചോദിച്ചു.

വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങൾ എല്ലാം വനം വകുപ്പിന്‍റെ പേരിൽ ആക്കുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ട് ആണ് ആധികാരിക രേഖ. അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു. ആദ്യഗഡു നൽകാൻ താൻ നിർദേശം നൽകിയിരുന്നു. വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു.

വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സീതയുടെ ഭർത്താവിനെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പീരുമേട് തോട്ടാപ്പുരക്ക് സമീപത്തു നിന്നും മൂന്നു കിലോമീറ്റ‌ർ അകലെ മീൻമുട്ടിയിൽ വച്ചാണ് സംഭംവം നടന്നത്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സംഭവം പുറത്ത് വന്നതോടെ ബിനു പൊലീസ് നിരീക്ഷണത്തിലാണ്.