വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് നിയമനടപടിയുമായി ജമാ അത്തെ ഇസ്ലാമി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍വകക്ഷി പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രമാണ് എന്നാണ് താന്‍ പറഞ്ഞതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിനെതിരായ പ്രതിഷേധം ആദ്യം നടന്നത് ജമ്മു കശ്മീരിലാണ്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രമാണ്. ഭീകരാക്രമണം പഹല്‍ഗാമിലുണ്ടായപ്പോള്‍ അതിനെതിരായിട്ട് വന്ന പ്രതിഷേധത്തില്‍ അതിശക്തിയായ ജനകീയമായ മുന്നേറ്റം സൃഷ്ടിച്ചപ്പോള്‍ അതില്‍നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാ അത്തെ ഇസ്ലാമി ആണെന്നാണ് താന്‍ പറഞ്ഞതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Read more

അത് ഇപ്പോഴും ആവര്‍ത്തിക്കുകയാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ. അതിനെന്താ തങ്ങള്‍ക്ക്. അതെല്ലാം നിയമപരമായി കൈകാര്യം ചെയ്‌തോളാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രണത്തില്‍ പ്രതിഷേധിക്കാത്ത അതിനെതിരേ നിലപാട് സ്വീകരിക്കാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അത് ജമാ അത്തെ ഇസ്ലാമിയാണെന്നും ഗോവിന്ദന്‍ ആവര്‍ത്തിച്ചു.