ഇസ്രയേല്‍ ഇറാന് മേല്‍ നടത്തിയ ആക്രമണവും തിരിച്ചുള്ള ഇറാന്റെ പ്രത്യാക്രമണവും മധ്യപൂര്‍വ്വേഷ്യയെ വീണ്ടും യുദ്ധ ഭൂമിയാക്കി മാറ്റി കഴിഞ്ഞു. ഒരേസമയം സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ആക്രമണം നടത്തി് ഇസ്രയേല്‍ മുന്നേറുമ്പോള്‍ ഇസ്രയേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തെ മറികടന്ന് ടെല്‍ അവീവില്‍ ഇറാനും മിസൈലുകള്‍ വര്‍ഷിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാന്റെ നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതിന്റെ ഉപഗ്രഹ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇറാന്‍- ഇസ്രയേല്‍ യുദ്ധത്തിനപ്പുറം ആവര്‍ത്തിച്ചുള്ള അമേരിക്കയുടെ നിരാകരണത്തിനപ്പുറം ഇറാന്‍ അമേരിക്കയാണ് ഇതിന് പിന്നിലെ സഹായസംഘമെന്ന് പറയുമ്പോള്‍ സംഘര്‍ഷത്തില്‍ മറ്റ് മാനങ്ങളും വന്നുചേരുന്നു.
Read more
ഇറാഖിലെ പ്രത്യേക സേനാ ക്യാമ്പുകള്‍, ഗള്‍ഫിലെ സൈനിക താവളങ്ങള്‍, മിഡില്‍ ഈസ്റ്റ് മേഖലയിലെ നയതന്ത്ര ദൗത്യങ്ങള്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലുടനീളം യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇറാന് ആക്രമിക്കാന്‍ കഴിയും. ഇറാന്‍ ചെല്ലും ചെലവും കൊടുത്ത് പോറ്റിപ്പോരുന്ന ഭീകരസംഘടനകള്‍ക്കും അമേരിക്കയ്‌ക്കെതിരെ രംഗത്തിറങ്ങാനാകും. ഇറാന്റെ പ്രോക്‌സി സേനകളെന്ന് വിളിപ്പേരുള്ള ഹമാസും ഹിസ്ബുള്ളയും നിലവില്‍ വലിയ ശക്തികളല്ലെങ്കിലും ഇറാഖിലെ അവരുടെ പിന്തുണയുള്ള സായുധ സംഘങ്ങള്‍ ഇപ്പോഴും സായുധരാണെന്നത് അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും ആശങ്കയിലാക്കുന്നുണ്ട്. നിലവില്‍ ഇസ്രയേല്‍ – ഇറാന്‍ എന്ന നിലയില്‍ നടക്കുന്ന സംഘര്‍ഷം മറ്റൊരു ലോകയുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്കയും വലുതാണ്. ഇസ്രയേലിന് ആക്രമണത്തില്‍ പിന്തുണ നല്‍കിയിട്ടില്ലെന്ന് പറയുന്ന അമേരിക്ക ഇറാനോട് തങ്ങള്‍ക്ക് നേരെ തിരിഞ്ഞാല്‍ പ്രത്യാഘാതം വലുതാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്ന് ഭീരിഭാഗം നയതന്ത്ര പ്രതിനിധികളേയും തിരിച്ചു വിളിച്ചിട്ടുണ്ട് യുഎസ്. പക്ഷേ അമേരിക്കന്‍ പൗരന്മാര്‍ എവിടെയെങ്കിലും കൊല്ലപ്പെട്ടാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ പോര്‍മുഖത്ത് ഇറങ്ങാന്‍ നിര്‍ബന്ധിതനാകും. ഇറാനെതിരെ അമേരിക്കയെ തനിക്കൊപ്പം നേരിട്ട് യുദ്ധമുഖത്തിറക്കാന്‍ കാലങ്ങളായി ആഗ്രഹിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അതൊരു അവസരമാകും.