15 ദിവസം കൊണ്ട് 97.80 കോടി; ബോക്‌സോഫീസ് ഹിറ്റടിച്ച് ലോക കപ്പ്

1983 ലെ ലോക കപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ’83’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ തന്നെ ലഭിച്ചിരുന്നത്. ക്രിക്കറ്റ്പ്രേമികള്‍ക്കും സിനിമാസ്വാദകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ഇന്ത്യയില്‍ 15 ദിവസം പിന്നിടുമ്പോള്‍ ബോക്‌സോഫീസ് കളക്ഷനായി ലഭിച്ചിരിക്കുന്നത് 97.80 കോടിയാണ്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മറ്റു വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 57.17 കോടി രൂപയും നേടി. ആകെ ചിത്രം 15 ദിവസത്തില്‍ നേടിയിരിക്കുന്നത് 154.97 കോടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ ആദ്യ ലോക കപ്പ് വിജയം പ്രമേയമാക്കിയ ചിത്രത്തില്‍ കപില്‍ദേവായി എത്തുന്നത് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആണ്. രണ്‍വീര്‍ സിംഗിന്റെ നായികയായി ദീപിക പദുകോണും ചിത്രത്തില്‍ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.