വെള്ളക്കാർക്കിടയിലെ കറുത്ത സ്വത്വത്തിന്റെ കഥാകാരി ടോണി മോറിസൺ

സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവും ലോകപ്രശസ്ത അമേരിക്കൻ നോവലിസ്റ്റുമായ ടോണി മോറിസൺ തിങ്കളാഴ്ച അന്തരിച്ചിരുന്നു. അമേരിക്കയിൽ കറുത്ത വംശജരുടെ ജീവിതം – പ്രത്യേകിച്ചും കറുത്ത വംശജരായ സ്ത്രീകളുടെ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ – തിളക്കമാർന്നതും ആകർഷകവുമായ ഗദ്യത്തിലൂടെ ലോകത്തിന് പലയാവർത്തി വായിക്കാൻ ബാക്കിവെച്ചാണ് അവർ വിട പറഞ്ഞിക്കുന്നത്. ന്യുമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു മോറിസന്റെ അന്ത്യം. 88 വയസ്സായിരുന്ന അവർ ന്യൂ യോർക്ക്, ഹഡ്‌സണിലെ ഗ്രാൻഡ് വ്യൂവിലാണ് താമസിച്ചിരുന്നത്.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ടോണി മോറിസൺ.  1993-ലാണ് ഈ ബഹുമതി അവരെ തേടിയെത്തുന്നത്.  11 നോവലുകളുടെയും നിരവധി ബാലസാഹിത്യ കൃതികളുടെയും, ഉപന്യാസ ശേഖരണങ്ങളുടെയും രചയിതാവായിരുന്നു മോറിസൺ. ഒരേ സമയം നിരൂപ പ്രശംസയും വാണിജ്യവിജയവും കൈവരിച്ച അപൂർവ്വം അമേരിക്കൻ എഴുത്തുകാരിൽ ഒരാളാണ് മോറിസൺ. മോറിസന്റെ  നോവലുകൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ പതിവായി പ്രത്യക്ഷപ്പെട്ടു. ഓപ്ര വിൻഫ്രെയുടെ ടെലിവിഷൻ ബുക്ക് ക്ലബ്ബിൽ ഒന്നിലധികം തവണ ഫീച്ചർ ചെയ്യപ്പെട്ടു. ഇത്തരത്തിൽ ജനപ്രിയമായിരിക്കുമ്പോൾ തന്നെ അവരുടെ കൃതികൾ നിരവധി വിമർശനാത്മക പഠനങ്ങളുടെ വിഷയവുമായിരുന്നു.

“ദർശനാത്മക ശക്തിയും  കാവ്യാത്മക ഭംഗിയും ആവാഹിച്ച  സവിശേഷ സ്വഭാവം ഉണ്ടായിരുന്ന നോവലുകളാണ് മോറിസന്റെത് ” ഇതിലൂടെ അവർ “അമേരിക്കൻ യാഥാർത്ഥ്യത്തിന്റെ അനിവാര്യമായ ഒരു വശത്തിന് ജീവൻ നൽകി,” മോറിസണ് നൊബേൽ സമ്മാനിച്ചു കൊണ്ടു സ്വീഡിഷ് അക്കാദമി പറഞ്ഞ വാക്കുകളാണിത്. മോറിസൺ യാഥാർത്ഥ്യത്തെ ഗദ്യത്തിലൂടെ ചലനാത്മകമാക്കി.  ഇത് കറുത്ത വംശജരുടെ വാമൊഴി പാരമ്പര്യത്തിന്റെ പ്രതീകങ്ങളുമായി ഒത്തു പോകുന്നവയായിരുന്നു. പലപ്പോഴും രേഖീയമല്ലാതിരുന്ന അവരുടെ കഥകൾ,  സ്വപ്നതുല്യമായിരുന്നു. കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും അടിക്കടി സഞ്ചരിച്ചിരുന്ന അവരുടെ കഥാപാത്രങ്ങളുടെ ഓരോ പ്രവൃത്തിയും ചരിത്രത്തിന്റെ മുഴുവൻ ഭാരവും തങ്ങളുടെ ചുമലകളിൽ പേറുന്ന പ്രതീതി സൃഷ്ട്ടിച്ചു.

മോറിസന്റെ ആഖ്യാനങ്ങൾ; പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി പരേതാത്മാക്കളുടെ വരെ “ശബ്ദത്തെ” നിരവധി അടരുകളായി പ്രതിനിധീകരിച്ചിരുന്നു. മോറിസന്റെ കഥകളിൽ പുരാവൃത്തം, മായാജാലം, അന്ധവിശ്വാസം എന്നിവ ദൈനംദിന യാഥാർത്ഥ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ മോറിസന്റെ നോവലുകളെ ലാറ്റിൻ അമേരിക്കൻ മാജിക്കൽ റിയലിസ്റ്റ് എഴുത്തുകാരായ ഗബ്രിയേൽ ഗാർസിയ മാർക്വേസുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് കാരണമായി. എന്നാൽ മറ്റേതൊരു എഴുത്തുകാരനുമായുള്ള താരതമ്യം ഒരുപക്ഷെ ടോണി മോറിസൺ എന്ന വലിയ എഴുത്തുകാരിയെ വില കുറച്ചു കാണുന്നതിന് തുല്യമാണെന്ന് വരാം.

ഒഹായോയിലെ ലോറൈനിൽ, രാമ(നീ വില്ലിസ്),  ജോർജ്ജ് വോഫോർഡ് എന്നിവരുടെ മകളായി 1931 ഫെബ്രുവരി 18 ന് ടോണി മോറിസൺ ജനിച്ചു. മോറിസന്റെ ആദ്യ പേര് ക്ലോ അർഡെലിയ വോഫോർഡ് എന്നാണ്. ആഫ്രിക്കൻ-അമേരിക്കൻ വംശജരായ തൊഴിലാളിവർഗ്ഗ കുടുംബത്തിലെ നാലു മക്കളിൽ രണ്ടാമത്തെയാളായിരുന്നു അവർ. മോറിസന്റെ അമ്മ അലബാമയിലെ ഗ്രീൻവില്ലിൽ ആണ് ജനിച്ചത്.  പിതാവ് വളർന്നത് ജോർജിയയിലെ കാർട്ടേഴ്‌സ്‌വില്ലിലാണ്. അദ്ദേഹത്തിന് 15 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ തെരുവിൽ താമസിച്ചിരുന്ന രണ്ട് കറുത്ത വംശജരായ ബിസിനസുകാരെ വെള്ളക്കാർ ആൾക്കൂട്ട മർദ്ദനത്തിന് ഇരയാക്കി കൊല്ലുന്നതു നേരിൽ കാണാനിടയായി. തന്റെ പിതാവ് മൃതദേഹങ്ങൾ കണ്ടതായി തങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല എന്നും പക്ഷേ അദ്ദേഹം അവ നേരിൽ കണ്ടിട്ടുണ്ട് എന്നും ഇത് അദ്ദേഹത്തിന് മാനസികമായ ആഘാതം ഉണ്ടാക്കിയിട്ടുണ്ട് എന്നും മോറിസൺ പിന്നീട് പറഞ്ഞിട്ടുണ്ട്. മോറിസന് രണ്ടുവയസ്സുള്ളപ്പോൾ  അവരുടെ വീട്ടുടമസ്ഥർ അവർ താമസിച്ചിരുന്ന വീടിന് തീയിട്ടു.  കുടുംബാംഗങ്ങൾ വീട്ടിനകത്ത് ഉള്ളപ്പോഴാണ് ഇത് സംഭവിച്ചത്. താമസിച്ചിരുന്ന വീടിന്റെ വാടക നൽകാൻ മാതാപിതാക്കൾ വൈകിയതിനെ തുടർന്നായിരുന്നു വീട്ടുടമസ്ഥരുടെ ഈ ക്രൂരത. കുട്ടിക്കാലം മുതൽ കേൾക്കുകയും കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഇത്തരം തിക്തമായ അനുഭവങ്ങളായിരിക്കാം ടോണി മോറിസനെ നാം ഇന്ന് അറിയുന്ന ലോകപ്രശസ്ത എഴുത്തുകാരിയായി മാറ്റിയത്.
മാതാപിതാക്കൾ പകർന്നു നൽകിയ പരമ്പരാഗത ആഫ്രിക്കൻ-അമേരിക്കൻ നാടോടിക്കഥകളും, പ്രേതകഥകളും, പാട്ടുകളും മറ്റുമാണ് മോറിസന്റെ പൈതൃകവും ഭാഷയും രൂപപ്പെടുത്തിയത്. കുട്ടിക്കാലത്ത് പതിവായി വായിക്കാറുണ്ടായിരുന്ന മോറിസന്റെ പ്രിയപ്പെട്ട രചയിതാക്കളിൽ ജെയ്ൻ ഓസ്റ്റണും ലിയോ ടോൾസ്റ്റോയിയും ഉൾപ്പെടുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ മോറിസൺ കത്തോലിക്ക മതവിശ്വാസം സ്വീകരിക്കുകയും വിശുദ്ധ അന്തോണിയുടെ നാമത്തിൽ ആന്റണി എന്ന സ്നാപന നാമം സ്വീകരിക്കുകയും  ഇത് ടോണി എന്ന വിളിപ്പേരിലേക്ക് നയിക്കുകയുമായിരുന്നു.

പത്രാധിപർ, അദ്ധ്യാപിക, പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസർ എമെറിറ്റസ് എന്നീ നിലകളിലും മോറിസൺ പ്രശസ്തയാണ്. ടോണി മോറിസന്റെ ആദ്യ നോവൽ “ദി ബ്ലൂസ്റ്റ് ഐ”  1970ൽ പ്രസിദ്ധീകരിച്ചു. നിരൂപക പ്രശംസ നേടിയ “സോംഗ് ഓഫ് സോളമൻ” (1977) ടോണി മോറിസണിന് ദേശീയ ശ്രദ്ധ നേടികൊടുക്കുകയും അമേരിക്കയിലെ നാഷണൽ ബുക്ക്  ക്രിട്ടിക്സ് സർക്കിൾ അവാർഡിന് അർഹയാക്കുകയും ചെയ്തു. 1987ൽ പുറത്തിറങ്ങിയ “ബിലവഡ്” എന്ന നോവലിന് 1988ൽ പുലിറ്റ്‌സർ സമ്മാനവും അമേരിക്കൻ ബുക്ക് അവാർഡും ലഭിച്ചു.

1996ൽ നാഷണൽ എൻ‌ഡോവ്‌മെന്റ് ഫോർ ഹ്യൂമാനിറ്റീസ് അവരെ  ജെഫേഴ്സൺ പ്രഭാഷണത്തിനായി തിരഞ്ഞെടുത്തു. ഹ്യൂമാനിറ്റീസിലെ നേട്ടത്തിനുള്ള യു.എസ് ഫെഡറൽ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയാണിത്. ആ വർഷം തന്നെ നാഷണൽ ബുക്ക് ഫൗണ്ടേഷന്റെ മെഡൽ ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് കോൺട്രിബ്യൂഷൻ ടു  അമേരിക്കൻ ലെറ്റേഴ്സ് എന്ന ബഹുമതി ലഭിച്ചു. 2012 മെയ് 29ന് പ്രസിഡന്റ് ബരാക് ഒബാമ മോറിസന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു. 2016ൽ അമേരിക്കൻ ഫിക്ഷനിലെ നേട്ടത്തിനുള്ള പെൻ/സൗൾ ബെല്ലോ അവാർഡ് ലഭിച്ചു.

[കടപ്പാട്: മാർഗലിറ്റ് ഫോക്സ്,ന്യൂയോർക് ടൈംസ്, വിക്കിപീഡിയ]