'നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് തോറ്റത്; 'കനല്‍ത്തരി' പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം രാകേഷ് സിംഹയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്'

ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന്റെ ഏക സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ച് കുറിപ്പ്. ഹിമാചല്‍ നിയമസഭയില്‍ പശുവിനെ രാഷ്ട്രമാതാവ് ആക്കണമെന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ഭരണത്തിലുള്ള ബിജെപി പിന്തുണച്ചപ്പോള്‍ ആ സഭയില്‍ അതിനെതിരെ ഉയര്‍ന്ന ഏക ശബ്ദമായിരുന്നു സഖാവ് രാകേഷ് സിംഹയുടേത്. രാഷ്ട്രത്തിന്റെ ‘നാനാത്വത്തില്‍ ഏകത്വം’മനസ്സിലാക്കാത്തവരുടെ പ്രമേയം എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിച്ചതെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആ ശബ്ദം ഇല്ലാതെക്കണ്ടത് പ്രഥമ അജണ്ടയായിരുന്നു. അതുകൊണ്ട് തന്നെ തിയോഗ മണ്ഡലത്തിലെ മത്സരം ജീവന്മരണ പോരാട്ടമായിക്കണ്ട് കോണ്‍ഗ്രസ് അവരുടെ പിസിസി പ്രസിഡണ്ടിനെത്തന്നെ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. തരാതരം വേഷം മാറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള നാട്ടില്‍ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം തോല്‍വി നേരിട്ടത്. ‘കനല്‍ തരി’ പരിഹാസം ചൊരിയുന്നവര്‍ക്ക് ഇല്ലാത്ത അഭിമാനം ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉണ്ടെന്നും അദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

തിയോഗിലെ സിറ്റിങ് സീറ്റില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയെ കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡാണ് തോല്‍പ്പിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്ര സ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാകേഷിന് 12,000 ഓളം വോട്ടുകള്‍ മാത്രമാണ് നേടാനായത്.

2017ല്‍ സിപിഎം ജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബിജെപിയുടെ രാകേഷ് വര്‍മയെ പിന്തള്ളി, 25,000ത്തോളം വോട്ടു നേടിയാണ് രാകേഷ് സിംഗ വിജയിച്ചത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2012ല്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയതു സിപിഎമ്മായിരുന്നു. 2017ല്‍ രാകേഷ് സിന്‍ഹയുടെ വിജയത്തിലൂടെയാണ് 24 വര്‍ഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചല്‍ നിയമസഭയിലെത്തിയത്.

തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം 9879 വോട്ട് മാത്രമാണ് സിന്‍ഹക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് റാത്തോര്‍ 13971 വോട്ട് നേടി വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാര്‍ഥി അജയ് ശ്യാം 10576 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.കോണ്‍ഗ്രസ് വിമത ഇന്ദുവര്‍മയാണ് മൂന്നാം സ്ഥാനത്ത്.