വിമാനത്താവളം അദാനിക്ക്; എതിർക്കേണ്ടത് ആറാട്ടുവഴി ഉണ്ട് എന്നതിനാലല്ല, പൊതുസമ്പത്ത് ആയിരിക്കേണ്ടതിനാൽ: സി. ആർ നീലകണ്ഠൻ

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിൽക്കുന്നതിന് തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട് എന്നും അതിനായി സർക്കാർ എടുക്കുന്ന ഏതു നടപടിക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ.

അതേസമയം അദാനിക്കായി വിഴിഞ്ഞം പദ്ധതി നൽകിയതിനെ പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപിച്ച്‌ എതിർത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ആ പദ്ധതിക്ക് പിന്തുണയുമായി എത്തിയതെന്തു കൊണ്ട്? ആ പദ്ധതിയെ പറ്റി വിലയിരുത്തൽ നടത്തിയ സി ആൻഡ് എജി കണ്ടെത്തിയ അഴിമതി അവഗണിച്ചതെന്തു കൊണ്ട്? തുടങ്ങിയ ചോദ്യങ്ങൾ സി ആർ നീലകണ്ഠൻ മുഖ്യമന്ത്രിക്കുള്ള തന്റെ തുറന്ന കത്തിൽ ഉന്നയിച്ചു.

മുഖ്യമന്ത്രിക്കുള്ള സി. ആർ നീലകണ്ഠന്റെ തുറന്ന കത്ത്:

ബഹു കേരളം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിൽക്കുന്നതിന് തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കേണ്ടതുതുണ്ട്. അതിൽ സർവ്വ കക്ഷി സമവായം ഉണ്ടാക്കേണ്ടതുണ്ട്. മുഴുവൻ ജനങ്ങളെയും അതിൽ അണിചേർക്കണം. അത് പൊതുമേഖലയിൽ നിലനിർത്തണം. അതിനായി താങ്കളുടെ സർക്കാർ എടുക്കുന്ന ഏതു നടപടിക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. അതിനകത്ത് കൂടി ആറാട്ടുവഴി ഉണ്ട് എന്നതിനാലല്ല അത് പൊതു സമ്പത്തായിരിക്കണം എന്നതിനാലാണ്.

എന്താണ് ഒരു സ്ഥാപനം പൊതുമേഖലയിൽ ആയിരിക്കുക എന്നതിനർത്ഥം ? അതിന്റെ ഉടമസ്ഥതയും നിയന്ത്രണവും സർക്കാറിനായിരിക്കണം. കെഎസ് ഇബിയും കെ എസ് ആർ ടി സിയും പോലെ. അതിലെ നിയമനങ്ങൾ രാജ്യത്തു നിലനിൽക്കുന്ന നിയമം അനുസരിച്ചായിരിക്കണം. സംവരണ തത്വം പാലിച്ചിരിക്കണം. അതിലെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് അധികാരമുണ്ടായിരിക്കണം.കാരണം അവിടെ ചിലവാക്കുന്ന പൊതുപണം ഭരണഘടനയുടെ 148 ,149 , 150 , 151 , 279 എന്നീ വകുപ്പുകളും മൂന്നും ആറും പട്ടികയും അനുസരിച്ചുള്ള പരിശോധനയും മറ്റു നടപടികളും ഉണ്ടാകണം. അതായത് ജനങ്ങളോട് മറുപടിപറയാൻ ബാധ്യതയുണ്ട്. വിവരങ്ങൾ വിവരാവകാശനിയമപ്രകാരം ജനങ്ങൾക്ക് നൽകണം.
ചുരുക്കത്തിൽ ജനങ്ങളോട് ബാധ്യതപ്പെട്ടിരിക്കണം.

ഈ രീതിയിൽ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കൊച്ചി, കണ്ണൂർ വിമാനത്തവാളങ്ങൾ പൊതുമേഖലയിൽ ആണോ എന്ന് പരിശോധിക്കേണ്ടതല്ലേ?
മാറി മാറി അധികാരത്തിലെത്തിയ എൽഡിഎഫും യുഡിഎഫുമാണല്ലോ ഇവയുടെ നിർമ്മാണത്തിന് ഉത്തരവാദികൾ. ഈ രണ്ട് വിമാനത്താവളങ്ങളുടെയും ഭൂമി ഏറ്റെടുത്തു നൽകിയത് സംസ്ഥാന സർക്കാരാണ്. എന്നാൽ ഇപ്പോൾ അവയുടെ ഓഹരികളിൽ എത്ര ശതമാനം കേരള കേന്ദ്ര സർക്കാരുകളുടെ കൈവശമുണ്ട്? അവയുടെ ബോർഡ് ചെയർമാൻ സ്ഥാനത്തു മുഖ്യമന്ത്രി ഉണ്ടെന്നതൊന്നും സർക്കാർ ഉടമസ്ഥതയുടെ ലക്ഷണമായി കരുതാൻ കഴിയില്ല. ആരുടെ കയ്യിലാണ് അതിലെ മഹാഭൂരിപക്ഷം ഓഹരികളും?

ഈ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടത്താണ് സി ആൻഡ് എജിയെ അനുവദിക്കാറുണ്ടോ? അവിടുത്തെ നിയമനങ്ങൾ സർക്കാർ മാനദണ്ഡങ്ങളും സംവരണതത്വങ്ങളും അനുസരിച്ചാണോ നടത്തുന്നത്?

ഇപ്പോൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ശബരിമല വിമാനത്താവളത്തിന്റെ ഉടമസ്ഥത ആർക്കായിരിക്കും? അതും കണ്ണൂർ (കിയാൽ) മാതൃകയിലായിരിക്കും എന്നാണു താങ്കളുടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് അവിടെയും സർക്കാർ നിയമങ്ങൾ അനുസരിച്ചാകില്ല പ്രവർത്തനം. ഭൂരിപക്ഷം ഓഹരികളും സ്വകാര്യ ഉടമകളുടെ കയ്യിൽ ആയിരിക്കും. ഉടമസ്ഥത അദാനിക്കായാലും മറ്റൊരാൾക്കായാലും അത് സ്വകാര്യ ഉടമസ്ഥത തന്നെയാണ്.

വലിയ ആവേശത്തോടെ സർക്കാർ മുന്നോട്ടു വയ്ക്കുന്ന 63000 കോടി രൂപ മുതൽ മുടക്കുള്ള അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനുള്ള കെ റെയിൽ എന്ന സ്ഥാപനം സർക്കാർ ഉടമസ്ഥതയിലാണോ? പൊതുമേഖലയാണോ? എങ്കിൽ എന്തുകൊണ്ട് അതിലെ വിവരങ്ങൾ – സാധ്യതാ പഠനം, പാരിസ്ഥിതിഥിക സാമൂഹ്യാഘാതപഠനങ്ങൾ, വിശദമായ പദ്ധതി രേഖ ( ഡി പി ആർ) മുതലായവയൊന്നും വിവരാവകാശനിയമം അനുസരിച്ചു എന്തുകൊണ്ട് പൊതുജനങ്ങൾക്ക് നൽകുന്നില്ല?

അഡാനിക്കായി വിഴിഞ്ഞം പദ്ധതി നൽകിയതിനെ പ്രതിപക്ഷത്തിരുന്നപ്പോൾ അഴിമതി ആരോപിച്ചു എതിർത്ത താങ്കൾ അധികാരമേറ്റപ്പോൾ ആ പദ്ധതിക്ക് പിന്തുണയുമായി എത്തിയതെന്തു കൊണ്ട്? ആ പദ്ധതിയെ പറ്റി വിലയിരുത്തൽ നടത്തിയ സി ആൻഡ് എജി കണ്ടെത്തിയ അഴിമതി അവഗണിച്ചതെന്തുകൊണ്ട്?

ഇത്രയും ചോദ്യങ്ങൾ ഉന്നയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ തന്നെ നിലനിർത്താനുള്ള സമരത്തെ പിന്തുണക്കാൻ വേണ്ടി തന്നെയാണ്. ആ സമരം ശക്തിപ്പെടുത്തുക തന്നെ വേണം.

വിശ്വസ്തതയോടെ
സിആർ നീലകണ്ഠൻ

https://www.facebook.com/CRNeelakandan/posts/1212056862474566