എന്തേ നിങ്ങള്‍ കണ്ണടക്കുന്നു? സ്വന്തം പാര്‍ട്ടിയും മുന്നണിയും ചെയ്യുന്ന തെറ്റിന് കൂട്ടുനില്‍ക്കുന്നു?: ഹരീഷ് വാസുദേവൻ

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പിന്‍വാതിൽ നിയമനങ്ങൾ നടന്നിട്ടില്ല എന്ന് പറയാനാവുമോ എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. “നിങ്ങള്‍ക്കും എനിക്കും അറിയാം പിന്‍വാതില്‍-സ്വജനപക്ഷപാത നിയമനങ്ങള്‍ നടക്കുന്നുണ്ട് എന്ന്. ആരൊക്കെ എവിടെയൊക്കെ കയറിയിട്ടുണ്ട് എന്ന്. ആര്‍ക്കൊക്കെ വഴിവിട്ടു എന്തൊക്കെ കൊടുത്തിട്ടുണ്ട് എന്നും. എന്തേ നിങ്ങള്‍ കണ്ണടക്കുന്നു? സ്വന്തം പാര്‍ട്ടിയും മുന്നണിയും ചെയ്യുന്ന തെറ്റിന് കൂട്ടുനില്‍ക്കുന്നു? അര്‍ഹനായ ഒരാളുടെ അവകാശം നിഷേധിക്കുകയല്ലേ? ഇരട്ടത്താപ്പ് അല്ലേ അത്? എന്നിട്ടതേ ഇരട്ടത്താപ്പ് ഇന്നാട്ടിലെ മാധ്യമങ്ങള്‍ കാണിക്കുമ്പോള്‍ നിങ്ങള്‍ അവരെ വിമര്‍ശിക്കുന്നത് ധാര്‍മികമായി ശരിയാണോ?” എന്ന് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇടതുപക്ഷ സുഹൃത്തുക്കളോടാണ്,
UDF നേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജോലി കൊടുത്ത LDF നെ നിങ്ങള്‍ കാണുന്നില്ലേ എന്നു ചോദിച്ചാല്‍ കാണുന്നുണ്ട്. അംഗീകരിക്കുന്നുണ്ട്.
താല്‍ക്കാലിക ജോലിക്ക് ആളെയെടുക്കുന്നത് PSC വഴി പറ്റുമോ എന്നുചോദിച്ചാല്‍ പറ്റില്ല. അതിനാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്.
UDF നിയമിച്ചതിലും കൂടുതല്‍ ആളുകളെ താല്‍ക്കാലികമായി LDF നിയമിച്ചില്ലേ എന്നു ചോദിച്ചാല്‍ നിയമിച്ചു.
റാങ്ക്‌ലിസ്റ്റ് കാലാവധി കഴിഞ്ഞാല്‍ പുതിയ ലിസ്റ്റ് ഇറക്കുമെന്നും എല്ലാവര്‍ക്കും ജോലി കൊടുക്കാന്‍ പറ്റില്ലെന്ന് അറിയില്ലേ എന്നും ചോദിച്ചാല്‍ അറിയാം. ഡിപ്രഷന്‍ ബാധിച്ചു ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് പ്രത്യക്ഷത്തില്‍ ഈ സര്‍ക്കാരിന്റെ കുറ്റമല്ലെന്നും അറിയാം. (LDF ഇപ്പോള്‍ പ്രതിപക്ഷത്ത് ആയിരുന്നെങ്കിലോ?? ഈ ആത്മഹത്യയെ എങ്ങനെ നേരിട്ടേനെ?)
ഇടതുവിരുദ്ധ മാധ്യമങ്ങള്‍ നുണയും അര്‍ത്ഥസത്യങ്ങളും പടച്ചുവിട്ടു സര്‍ക്കാരിനെ ആക്രമിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയല്ല. തെറ്റാണ്. ആ തെറ്റിനു കുടപിടിക്കാന്‍ പോയിട്ടില്ല എന്നുമാത്രമല്ല, വലിയ വിലകൊടുത്ത് അത് തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടുമുണ്ട്. അത് LDF നോട് പ്രത്യേകം സ്‌നേഹമുള്ളത് കൊണ്ടല്ല, വസ്തുതകളോട് നാം നീതി പുലര്‍ത്തേണ്ടത് കൊണ്ട് മാത്രം.
എന്നാല്‍, പിന്‍വാതിലിലൂടെ ഒരാളെപ്പോലും നിയമിച്ചില്ല എന്നു നിങ്ങള്‍ക്ക് പറയാമോ? ഇല്ല. നിങ്ങള്‍ക്കും എനിക്കും അറിയാം പിന്‍വാതില്‍-സ്വജനപക്ഷപാത നിയമനങ്ങള്‍ നടക്കുന്നുണ്ട് എന്ന്. ആരൊക്കെ എവിടെയൊക്കെ കയറിയിട്ടുണ്ട് എന്ന്. ആര്‍ക്കൊക്കെ വഴിവിട്ടു എന്തൊക്കെ കൊടുത്തിട്ടുണ്ട് എന്നും. എന്തേ നിങ്ങള്‍ കണ്ണടക്കുന്നു? സ്വന്തം പാര്‍ട്ടിയും മുന്നണിയും ചെയ്യുന്ന തെറ്റിന് കൂട്ടുനില്‍ക്കുന്നു? അര്‍ഹനായ ഒരാളുടെ അവകാശം നിഷേധിക്കുകയല്ലേ? ഇരട്ടത്താപ്പ് അല്ലേ അത്? എന്നിട്ടതേ ഇരട്ടത്താപ്പ് ഇന്നാട്ടിലെ മാധ്യമങ്ങള്‍ കാണിക്കുമ്പോള്‍ നിങ്ങള്‍ അവരെ വിമര്‍ശിക്കുന്നത് ധാര്‍മികമായി ശരിയാണോ?
PSC യുടെ വിശ്വാസ്യത കളയുംവിധമുള്ള ഇടപെടലുകളും ഞാന്‍ കാണുന്നുണ്ട്. റാങ്ക് ലിസ്റ്റുകള്‍ വരെ റദ്ദാക്കി. മാര്‍ക്ക് ദാനം നടത്തി. KAT യിലും ഹൈക്കോടതിയിലും വരുന്ന കേസുകള്‍ ഒന്ന് നോക്കൂ. അനീതിയുടെ വലിപ്പം നിങ്ങള്‍ക്കും എന്നെപ്പോലെ ബോധ്യപ്പെടും. വിമര്‍ശിക്കുന്നവരെ ഡീബാര്‍ ചെയ്യാനെടുത്ത തീരുമാനമാണ് ഏറ്റവും സഹിക്കാത്ത കാര്യം. നിങ്ങളെന്ത് പേരിട്ടു ന്യായീകരിച്ചാലും അത് ജനാധിപത്യ വിരുദ്ധമാണ്.
ഞാന്‍ കഴിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയോ പാര്‍ട്ടിയിടെയോ സര്‍ക്കാറിന്റെയോ ചെലവിലല്ലല്ലോ. ഇനിയങ്ങോട്ടും അങ്ങനെ തന്നെയാവും. ഞാന്‍ വിമര്‍ശിക്കുമ്പോള്‍ “ഇടതുവിരുദ്ധ മാധ്യമങ്ങള്‍ക്ക് പക്കമേളം വായിക്കുകയാണോ” എന്നു ചോദിക്കേണ്ട. ലൈംലൈറ്റില്‍ വരാനുമല്ല. ആ പക്കമേളത്തില്‍ ചേരാന്‍ അവസരം കിട്ടുമ്പോഴെല്ലാം മനപൂര്‍വ്വം മാറി നില്‍ക്കുന്നതും, വസ്തുതാപരമായ വിമര്‍ശനം മാത്രം ഉന്നയിക്കാന്‍ ശ്രമിക്കുന്നതും ഞാന്‍ എന്റെ മനസാക്ഷിയോട് നീതി പുലര്‍ത്തുന്നത് കൊണ്ടു മാത്രമാണ്. നിങ്ങളെ പേടിച്ചല്ല. എന്നെ നയിക്കുന്നത് TAM റേറ്റിങ്ങല്ല.
അദാനിയുടെ സ്വകാര്യവല്‍ക്കരണത്തെ എതിര്‍ക്കുമ്പോഴും ബദല്‍ വെയ്ക്കുന്ന കമ്പനിയുടെ ഓഹരി സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കുന്നതിനേയും എതിര്‍ക്കും. കണ്ണൂരില്‍ യൂസഫലിക്ക് ഓഹരിയുള്ള കമ്പനിക്ക് പൊതുഭൂമി ചുളുവില്‍ കൊടുക്കുന്നതിനെയും എതിര്‍ക്കും. അദാനിയ്ക്ക് വേണ്ടി ക്വാറികളുടെ ദൂരപരിധി കുറയ്ക്കുന്നതും ഉമ്മന്‍ചാണ്ടിക്ക് എതിരായ വിജിലന്‍സ് കേസ് എടുക്കാതെ CAG റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതും ഞാന്‍ എതിര്‍ക്കും. നിങ്ങളെപ്പോലെ സെലക്ടീവ് എതിര്‍പ്പ് എനിക്കില്ല. നിങ്ങളുടെ മൗനമാണ് എന്നെ മിണ്ടാന്‍ പ്രേരിപ്പിക്കുന്ന ഏക ഘടകം. നിങ്ങള്‍ ശബ്ദിച്ചു തുടങ്ങൂ, ഞാന്‍ മിണ്ടാതിരിക്കാം.
LDF സുഹൃത്തുക്കളെ, പാര്‍ട്ടികള്‍ക്കുള്ളിലെ നിങ്ങളുടെ മൗനമാണ് ഈ പോലീസ് ഭരണം ഇങ്ങനെയായത്. റെപ്പിസ്റ്റുകള്‍ക്ക് വേണ്ടി പോലീസ് കോടതിയില്‍ വാദിക്കുന്നത്. നിങ്ങളുടെ മൗനമാണ് ഈ PSC ഇങ്ങനെയായത്. ഈ സര്‍ക്കാര്‍ ജനവിരുദ്ധമായി പലതും ചെയ്തതിനെ, UDF ന്റെ അതിലും മോശം ചെയ്തികള്‍ കാട്ടി പുറത്തു ന്യായീകരിക്കാന്‍ നിങ്ങളുണ്ട് എന്ന ധൈര്യമാണ് നേതൃത്വത്തില്‍ ചിലര്‍ക്ക്.
എന്റെ പ്രതികരണങ്ങളില്‍ വൈകാരികമായ എന്തെങ്കിലും തോന്നിയാല്‍ അത് നിങ്ങളുടെ മൗനത്തോടുള്ള അമര്‍ഷം കൊണ്ടാണ്. ന്യായീകരണങ്ങളോടുള്ള ദേഷ്യം കൊണ്ടാണ്. നിങ്ങള്‍ പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യുമായിരുന്നതിന്റെ നാലിലൊന്ന് ഈ പ്രതിപക്ഷം നിങ്ങളോട് ചെയ്യുന്നില്ല.
തെറ്റുകളുടെ UDF-LDF താരതമ്യം നിര്‍ത്തൂ. തെറ്റുകള്‍ തിരുത്തൂ. പ്രതിപക്ഷ-മാധ്യമ നുണകളെ പ്രതിരോധിക്കാന്‍ ഭരണകക്ഷിയോട് ഒപ്പമുണ്ടാകും എന്നതുപോലെ തന്നെ തെറ്റുകളേ എതിര്‍ക്കാന്‍ ഞാന്‍ പ്രതിപക്ഷത്തോട് ഒപ്പവും ഉണ്ടാകും. കെറുവിച്ചിട്ടു കാര്യമില്ല.
അഡ്വ.ഹരീഷ് വാസുദേവന്‍.

https://www.facebook.com/harish.vasudevan.18/posts/10158740998707640