ആ 130 കോടിയിൽ ഞാനില്ല; സോഷ്യൽ മീഡിയയിൽ ട്രെൻഡായി പ്രതിഷേധം

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അഭിമാനം കൊള്ളുന്നവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ 130 കോടി ജനങ്ങളിൽ ഞാൻ പെടില്ലെന്ന പ്രതിഷേധം സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നു.

ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നീ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.

നെൽസൺ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ആ നൂറ്റിമുപ്പത്തിയൊന്ന് കോടിയുടെ എണ്ണമെടുക്കുമ്പൊ എന്നെ ഒഴിവാക്കിയേക്കൂ.
സ്വാതന്ത്ര്യ സമരത്തിനു സമാനം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഭിന്നിച്ച് തമ്മിലടിച്ച് നിന്നിരുന്ന ഒരു കൂട്ടം നാട്ടുരാജ്യങ്ങളായിരുന്നു ഇവിടം..
അതിൽ നിന്ന് അഹിംസയും നിസഹകരണവും പ്രധാന ആയുധമാക്കി ഒരു ജനതയെ മുഴുവൻ കാലാകാലങ്ങളോളം ചൂഷണം ചെയ്തുകൊണ്ടിരുന്ന ഒരു വിദേശ രാജ്യത്തോട് പൊരുതി സ്വാതന്ത്ര്യത്തിലേക്ക് ചുവട് വച്ചതിനു സമാനമാവുന്നത് എങ്ങിനെയാണ് എന്ന് സത്യത്തിൽ മനസിലാവുന്നില്ല.
മറ്റുള്ളവയെ വച്ച് നോക്കുമ്പൊ അതൊരു നിസാര പ്രശ്നമാണ്.
കൊവിഡ് എന്ന പാൻഡമിക് ഇന്ത്യയിൽ നിന്ന് ഒൻപത് ലക്ഷം ഇരകളെ കണ്ടെത്തിയത് ഏതാണ്ട് ആറ് മാസം കൊണ്ടായിരുന്നെങ്കിൽ അതിനു ശേഷം വെറും മൂന്നാഴ്ച കഴിഞ്ഞപ്പോൾ പത്ത് ലക്ഷം കൂടി ചേർത്തുകഴിഞ്ഞു.
ഒരുപാട് കുഞ്ഞുങ്ങളെയും പ്രായമായവരെയും നേരിട്ട് ബാധിക്കുന്ന, ഇപ്പൊഴും പീക്കിലെത്തിയോ എന്ന് അറിയില്ലാത്ത ഒരു മഹാമാരി ഒരു വിഷയമേ അല്ല. അതെന്തുകൊണ്ടാണെന്ന് അറിയാൻ വിവിധ നേതാക്കളുടെ പ്രസ്താവനകളിലൂടെയൊന്ന് കണ്ണോടിച്ചാൽ മതി.
പ്രശംസയെന്നും സർക്കാസമെന്നും രണ്ട് രീതിയിൽ രണ്ട് കൂട്ടർ വായിച്ചെടുക്കുന്ന അരവിന്ദ് കേജ്രിവാളിൻ്റെ ട്വീറ്റ് മുതൽ സംശയത്തിന് ഇടനൽകാത്ത കമൽനാഥിൻ്റെ പ്രസ്താവനകൾ വരെ.
അത്തരം ഒരു നിലപാടിലേ നിലനിൽപ്പുള്ളു എന്ന് വന്നാൽ മറ്റ് പ്രശ്നങ്ങൾക്ക് എന്ത് സംഭവിക്കുമെന്നും വെറുതെയൊന്ന് ആലോചിച്ചു.
പ്രശ്നങ്ങൾ എത്രയോ ഉണ്ട്…തൊഴിലില്ലായ്മ മുതൽ പാൻഡമിക് ദുരിതത്തിലാക്കിയ ജനകോടികളുടെ വിശപ്പ് വരെ. അതിനൊക്കെ ഇന്ന് സ്ഥാനം ബാക്ക് സ്റ്റേജിലായിരുന്നു.
വിയോജിപ്പുകളുടെ സ്വരം നേർത്തതായിരുന്നു. മടിച്ചിട്ടും ഭയന്നിട്ടും അഭിപ്രായവ്യത്യാസം പറയാതിരുന്നവരുണ്ട്. വിയോജിപ്പുകൾക്ക് തുറന്ന് പറയാൻ അവസരമുണ്ടാവേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹത്തിന് ആവശ്യമാണ്.
ഒന്ന് ഇല്ലാതാക്കി മറ്റൊന്ന് പണിതുയർത്തുന്നതിനെയല്ല ഐക്യത്തിൻ്റെ രൂപമായി ചൂണ്ടിക്കാട്ടേണ്ടത്.
അതുകൊണ്ട്,
ആ സന്തോഷിക്കുന്ന 131 കോടിയിൽ ഞാൻ ഇല്ല എന്ന് ഉറച്ച് പറയാൻ ഈ നിമിഷം, ഈ അവസരം ഉപയോഗിക്കുന്നു.

https://www.facebook.com/Dr.Nelson.Joseph/posts/3635126373177942

https://www.facebook.com/lekshmi.dinachandran/posts/309285567093221

https://www.facebook.com/athulyaraghav.raghav/posts/2730640353883373