“ഡോക്ടർ: രക്തസ്രാവം നിലച്ചാൽ മാത്രമേ രോഗിയെ പരിശോധിക്കൂ”: പൗരത്വ നിയമ ഹർജികൾ തത്കാലം കേൾക്കില്ലെന്ന് സുപ്രീം കോടതി, പരിഹാസവുമായി ട്വിറ്റർ ഉപയോക്താക്കൾ

Advertisement

 

രാജ്യത്ത് അക്രമങ്ങൾ അവസാനിക്കുമ്പോൾ മാത്രമേ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ കേൾക്കുകയുള്ളൂ എന്ന് സുപ്രീം കോടതി ഇന്ന് അറിയിച്ചു.

പുതിയ പൗരത്വ നിയമം ഡിസംബർ ആദ്യം പാസാക്കിയതു മുതൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നത്. നിയമനിർമ്മാണം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഭേദഗതി ചെയ്ത നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി, ഉത്തർപ്രദേശിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് ക്രൂരതയ്‌ക്കെതിരായ ഹർജികളും കേൾക്കാൻ സുപ്രീം കോടതി ഇന്ന് വിസമ്മതിച്ചു.

അതേസമയം സുപ്രീം കോടതിയുടെ പ്രസ്താവന ട്വിറ്ററിലെ സർഗ്ഗാത്മക മനസ്സുകളെ ഉത്തേജിപ്പിച്ചിരിക്കുകയാണ്, കോടതിയുടെ നിലപാടിനെതിരെ നിരവധി പേരാണ് ട്വിറ്ററിലൂടെ രൂക്ഷപരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ലെ ഡോക്ടർ: രക്തസ്രാവം നിലച്ചാൽ മാത്രമേ രോഗിയെ പരിശോധിക്കൂ.” എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പരിഹസിച്ചിരിക്കുന്നത്.

“പ്ലംബർ: ചോർച്ച നിന്നാൽ മാത്രമേ ടാപ്പ് നന്നാക്കൂ.” എന്നാണ് മറ്റൊരു ട്വീറ്റ്.

“കൃഷിക്കാരൻ: വിള വിറ്റതിനുശേഷം മാത്രമേ വിളവെടുക്കൂ.”

“സ്വിഗ്ഗി: ഉപഭോക്താവ് വിശന്ന് ബോധംകെട്ടാൽ ഭക്ഷണം എത്തിക്കും.”

“തോട്ടക്കാരൻ: വളരുന്നത് നിന്നാൽ മാത്രമേ പുല്ല് മുറിക്കുകയുള്ളൂ.”

“ലെ പൈലറ്റ്: എല്ലാ യാത്രക്കാരും വിമാനത്തിൽ നിന്ന് ഇറങ്ങിയതിനുശേഷം മാത്രമേ വിമാനം താഴെയിറക്കൂ.”

“ദുഷ്‌കരമായ സമയങ്ങളിൽ” സമാധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകേണ്ട അവസരത്തിൽ ഇത്തരം അപേക്ഷകൾ ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

പൗരത്വ നിയമം ഭരണഘടനാപരമായി പ്രഖ്യാപിക്കണമെന്നും ഇത് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ധണ്ട നൽകിയ ഹർജി പരിഗണിക്കാതെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ അക്രമം അവസാനിച്ചാലുടൻ കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

കടപ്പാട്: സ്ക്രോൾ.ഇൻ