17 വര്‍ഷം മുമ്പ് പുല്ലു പോലും മുളയ്ക്കാത്ത തരിശുഭൂമി; ഇന്ന് വന്‍മരങ്ങള്‍ നിറഞ്ഞ കൊടുംവനം; അറിയണം ഈ പച്ചപ്പിന്റെ കഥ

കത്തിച്ചാമ്പലായി കൊണ്ടിരിക്കുന്ന ആമസോണ്‍ മഴക്കാടുകളുടെ വാര്‍ത്ത, കാടിനെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ കെടുത്തുന്നതാണ്. കൃഷി ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ തന്നെയാണ് അവിടെ വനത്തിനു തീയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇല്ലാതായ പച്ചപ്പ് വീണ്ടെടുത്ത കഥയാണ് മണിപ്പൂര്‍ സ്വദേശി മോയിറാങ്ഥെം ലോയിയ. തീയിട്ടു നശിപ്പിച്ച വനം പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ഈ 45-കാരന്‍.

മണിപ്പൂര്‍ സ്വദേശിയായ മോയിറാങ്‌ഥെം ലോയിയ ആണ് ഇംഫാലില്‍ 300 ഏക്കര്‍ വനം വീണ്ടെടുത്തത് അമ്പരപ്പിച്ചിരിക്കുന്നത്. ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയിരുന്ന ലോയിയ, ആ ജോലി ഉപേക്ഷിച്ചാണ് വനസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. 2002- മുതലാണ് നെല്‍കൃഷിക്കായി തീയിട്ടു നശിപ്പിച്ച പുന്‍ഷിലോക് വനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോയിയ ആരംഭിക്കുന്നത്. പേരിനു പോലും ഒരു മരമില്ലാതിരുന്ന ആ പ്രദേശത്ത് 17 വര്‍ഷത്തെ പരിശ്രമം കൊണ്ട് അദ്ദേഹം പച്ചപ്പു നിറച്ചു.

ഇന്ന് 250 ഇനം സസ്യങ്ങളും 25 ഇനം മുളയും പുന്‍ഷിലോക് വനത്തിലുണ്ട്. പക്ഷികളും പാമ്പുകളും മറ്റു ജന്തുക്കളും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു.

നിരവധി പേരാണ് ഇന്ന് ഈ കാടിനെ അടുത്തറിയാനും അനുഭവിക്കാനുമായി എത്തുന്നത്. തന്റെ പ്രയത്‌നങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് ലോയിയയുടെ ആഗ്രഹം. അതിനായി കാടിന്റെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്തുകയാണ് ലോയിയ.