പുതുമഴയുടെ ഗന്ധം കുപ്പിയിലാക്കിയ നാട്, സയന്‍സെഴുത്ത്

Advertisement

(കേരളം സയന്‍സെഴുതുമ്പോള്‍’ എന്ന പേരില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും iucaയുടെയും നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശാസ്ത്രമെഴുതല്‍ ചലഞ്ച് പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 20 മുതല്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ചലഞ്ചാണ് പരിഷത്തും iucaയും ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. നിരവധി ആളുകള്‍ ഇതിനോടകം ഭാഗമായ ഈ ചലഞ്ചിലെ ശ്രദ്ധേയമായ കുറിപ്പുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ)

വിനയരാജ് വി. ആര്‍

പുതുമഴയുടെ മണം, മിക്കവര്‍ക്കും വലിയ ഇഷ്ടമാണ്. ഈ മണത്തിന്റെ പേരാണ് പെട്രികോര്‍ (Petrichor). മണ്ണില്‍ ഉള്ള ചില ബാക്ടീരിയകള്‍ വരണ്ടകാലത്ത് ചത്തുപോകുമ്പോള്‍ അവ പുറത്തു വിടുന്ന ഒരിനം സംയുക്തത്തെ ജിയോസ്മിന്‍ (Geosmin) എന്നാണ് വിളിക്കുന്നത്. മഴവെള്ളം വീഴുമ്പോള്‍ മാത്രമേ ജിയോസ്മിന്‍ മണ്ണില്‍ നിന്നും അന്തരീക്ഷത്തിലേക്ക് എത്തുകയുള്ളൂ. ജിയോസ്മിന്‍ വെള്ളവുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന മണമാണ് പെട്രികോര്‍. മനുഷ്യര്‍ക്ക് മണ്ണിന്റെ ഈ മണം പ്രിയപ്പെട്ടതാണ്. ഇക്കാര്യം ശാസ്ത്രീയമായി മനസ്സിലാക്കുന്നതിനു മുമ്പേ ഇതെക്കുറിച്ച് അറിവുള്ളവര്‍ ഉണ്ടായിരുന്നു. അവര്‍ അതിനെ പിടിച്ച് കുപ്പിയിലാക്കുകയും ചെയ്തിരുന്നു.

ആഗ്രയ്ക്കും ലക്നൗവിനും ഇടയ്ക്ക് ഗംഗാനദിക്കരയിലുള്ള ഒരു നഗരമാണ് കനൗജ്. ഏഴാം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചു കൊണ്ടിരുന്ന ഹര്‍ഷവര്‍ദ്ധനന്റെ കാലം മുതല്‍ സുഗന്ധദ്രവ്യങ്ങളുടെ നിര്‍മ്മാണത്തിന് പ്രസിദ്ധമാണ് കനൗജ്. 300 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തിമാര്‍ക്ക് ഇവിടത്തെ സുഗന്ധങ്ങള്‍ വളരെ പ്രിയങ്കരമായിരുന്നു. 1300 വര്‍ഷങ്ങളായി കനൗജിലെ സുഗന്ധദ്രവ്യ നിര്‍മ്മാണം ഇന്നും തുടരുകയാണ്. അവിടെയുള്ള പതിനഞ്ച് ലക്ഷം ജനങ്ങളില്‍ പകുതിയോളം പേരും ഈ വ്യവസായവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.

രാവിലെ തന്നെ കര്‍ഷകര്‍ റോസ്, മുല്ല, ചെമ്പകം, ഗന്ധരാജന്‍ തുടങ്ങി നിരവധി പുഷ്പങ്ങള്‍ ശേഖരിക്കുന്നു. കനൗജിലെ ഇരുനൂറോളം സുഗന്ധദ്രവ്യ വ്യവസായകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ഈ പൂക്കള്‍ വലിയ ചെമ്പുപാത്രങ്ങളില്‍ വെള്ളത്തില്‍ പുഴുങ്ങി സത്ത് മുളങ്കുഴലുകളില്‍ കൂടി പുറത്തെത്തിക്കുന്നു. ചന്ദനത്തൈലവുമായി കലര്‍ത്തുന്ന ഈ ദ്രാവകം ഒട്ടകത്തോല്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങളില്‍ സംഭരിച്ചു സൂക്ഷിക്കുമ്പോള്‍ ഇവയിലെ സുഗന്ധം ബാക്കി നിര്‍ത്തി അധികജലം ബാഷ്പീകരിച്ചു പോകുന്നു. ഇന്നും ആധുനികയന്ത്രങ്ങളുടെ സഹായമൊന്നും കൂടാതെയാണ് ഇവിടത്തെ അത്തര്‍ നിര്‍മ്മാണം.

ഇവിടത്തെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യം പൂക്കള്‍ കൊണ്ടുണ്ടാക്കുന്ന അത്തറുകളല്ല. മണ്ണിന്റെ മണമുള്ള സുഗന്ധദ്രവ്യം അവര്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനായി ചെമ്പുപാത്രങ്ങളിലേക്ക് ഉണക്കിയ മണ്‍കട്ടകള്‍ ഇടുന്നു, അടുത്തുള്ള കുളങ്ങളില്‍ നിന്നുമുള്ള വെള്ളവും കലര്‍ത്തി പാത്രങ്ങള്‍ കളിമണ്ണു കൊണ്ട് ഭദ്രമായി അടയ്ക്കുന്നു. മണ്ണില്‍ നിന്നും സുഗന്ധം മുഴുവന്‍ വാറ്റിയെടുത്ത് പുറത്തെത്താന്‍ ഏതാണ്ട് ആറേഴു മണിക്കൂര്‍ എടുക്കും.

ഇവിടുന്നു ലഭിക്കുന്ന ശുദ്ധമായ സുഗന്ധദ്രവ്യങ്ങള്‍ക്ക് വില കൂടുതലാണ്, ഇതിന്റെ പത്തിലൊന്നു വിലയ്ക്കു ലഭിക്കുന്ന ആല്‍ക്കഹോള്‍ കലര്‍ന്ന കൃത്രിമമായ അത്തറുകള്‍ ഇവിടുത്തെ വ്യവസായത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ കൂടി ശുദ്ധമായ അത്തറിന്റെ ആവശ്യക്കാരെ ഇവര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

#ScienceinAction
#JoinScienceChain

പുതുമഴയുടെ മണം, മിക്കവർക്കും വലിയ ഇഷ്ടമാണ്. ഈ മണത്തിന്റെ പേരാണ് പെട്രികോർ (Petrichor). മണ്ണിൽ ഉള്ള ചില ബാക്ടീരിയകൾ…

Posted by Vinaya Raj V R on Sunday, August 23, 2020