കൂടുതല്‍ ശമ്പളം മോഹിച്ച് ജോലി മാറും മുമ്പ്…

Advertisement

എന്താണ് സന്തോഷത്തിന് ആധാരമായ കാര്യം. ചരിത്രാതീത കാലം മതുല്‍ക്കേ മനുഷ്യനെ അലട്ടുന്ന ചോദ്യമാണത്. പണം സന്തോഷം തരുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ. എന്നാല്‍ അതാണോ സത്യം. പണം സന്തോഷം തരും. എന്നാല്‍ പണമുള്ളത് കൊണ്ട് മാത്രം ഒരാള്‍ സന്തോഷവാനാകില്ല.

പുതിയ ഒരു പഠനം പറയുന്നത് നോക്കുക. ഉയര്‍ന്ന വരുമാനമുള്ള അവസ്ഥ വളരെ അപൂര്‍വമായി മാത്രമേ മനുഷ്യന് സന്തോഷം തരുവൂ എന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് നല്ല ശമ്പം കിട്ടുമെന്ന് പ്രതീക്ഷിച്ച് മാത്രം ജോലി മാറാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. അങ്ങനെയല്ല കാര്യങ്ങള്‍.

കൂടുതല്‍ പണം കിട്ടുന്നത് തീര്‍ച്ചയായും നിങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും എല്ലാം ഉയര്‍ത്തും. എന്നാല്‍ നല്ല ശമ്പളം കിട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം തരില്ലെന്ന് പഠനം പറയുന്നു.

കൂടുതല്‍ വരുമാനം കിട്ടുന്നവര്‍ അഭിമാനികളും സ്വാര്‍ത്ഥരും ആയിത്തീരുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. അതേസമയം കുറഞ്ഞ കാശ് സമ്പാദിക്കുന്നവര്‍ കൂടുതല്‍ അനുകമ്പയുള്ളവരും സ്നേഹമുള്ളവരും ആകുമത്രെ. ഉയര്‍ന്ന വരുമാനം നേടുന്നവര്‍ക്ക് അവരവരില്‍ കേന്ദ്രീകരിച്ചുള്ള വികാരങ്ങളാണ് കൂടുതലുണ്ടാകുക, അനുഭവങ്ങളും. അതില്‍ കേന്ദ്രീകരിച്ചാകും അവരുടെ ഇടുങ്ങിയ സന്തോഷങ്ങളും.

അതേസമയം കുറഞ്ഞ വരുമാനം ലഭിക്കുന്നവരുടെ അനുഭവങ്ങളും വികാരങ്ങളും മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കും. അവര്‍ക്ക് അനുകമ്പ കൂടുകയും ചെയ്യും. അവര്‍ ലോകത്തിന്റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാനാണ് സാധ്യത-യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പോള്‍ പിഫ് പറയുന്നു.

ബന്ധങ്ങളിലും മറ്റും കൂടുതല്‍ പോസിറ്റിവിറ്റി കാണുന്നവരാകും കുറഞ്ഞ വരുമാനക്കാര്‍ എന്നും പഠനത്തില്‍ പറയുന്നുണ്ട്.