‘ജി സെവന്‍’ സ്‌പെഷ്യല്‍ പലഹാരങ്ങള്‍; ചില്ലുകൂടിനുള്ളില്‍ ‘ബൈഡന്‍സ് ബിഗ് ഉന്‍’ മുതല്‍ ‘ബോറിസ് സ്റ്റില്‍ട്ടന്‍’ വരെ

യുകെയില്‍ ജി സെവന്‍ ഉച്ചകോടി നടക്കുമ്പോള്‍ പുതിയ വിപണന തന്ത്രവുമായി കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാരന്‍. ജി സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരുകളാണ് സെന്റ് ഇവാസ് എന്ന കടയിലെ ഈ കച്ചവടക്കാരന്റെ പലഹാരങ്ങള്‍ക്ക്.

‘ബൈഡന്‍സ് ബിഗ് ഉന്‍’, ‘മെര്‍ക്കല്‍സ് മിന്റഡ് ലാംപ്’, ‘മാക്രോണ്‍സ് മിക്സഡ് വെജ്’, ‘ബോറിസ് സ്റ്റില്‍ട്ടന്‍’ എന്നിങ്ങനെ വിവിധ തരം പേസ്റ്റികളാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിന്റെ മെനു ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്ററായ മാര്‍ട്ടിന്‍ ഓട്ടെസ് ആണ് പേസ്റ്റിയുടെ ചിത്രവും വിലവിവര കണക്കുകളും ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതോടെ സെന്റ് ഇവാസില്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ വരവ് കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.