രാജ്യത്ത് എത്തുന്നവര്‍ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി അറേബ്യ

വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചവരാണെങ്കില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു.

സൗദിയില്‍ എത്തുന്നതിന് പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുന്നെങ്കില്‍ ഇക്കാര്യം എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തികളും അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

വിദേശങ്ങളില്‍നിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവരും ഇത് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിലാണ് മുന്കരുതലെന്ന നിലയില്‍ സൗദി ജവാസാത്ത് നീക്കം.