താല്‍ക്കാലിക ജീവനക്കാരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ സംവിധാനം

ദുബൈ: താല്‍ക്കാലികമായി ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഉടന്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് ദുബൈയില്‍ തുടക്കം. ജീവനക്കാര്‍ അവധിക്ക് പോകുമ്പോഴും ജോലിത്തിരക്ക് കൂടുതലുള്ളപ്പോഴും താല്‍ക്കാലിക ജോലിക്കുമെല്ലാം എളുപ്പം പകരക്കാരെ ഇതുവഴി കണ്ടെത്താനാകും.

വെബ്സൈറ്റില്‍ വിവിധ മേഖലകളില്‍ ലഭ്യമായ ജീവനക്കാരുടെ വിശദാംശങ്ങളും വീഡിയോ പ്രൊൈഫലും ലഭ്യമാണ്. ഇതില്‍ നിന്ന് ഉചിതമായവരെ തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ വഴി തന്നെ വേതനമടച്ചാല്‍ പറയുന്ന ദിവസം ജീവനക്കാര്‍ ഓഫീസില്‍ എത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രമുഖ ടാലന്റ് മാനേജ്മെന്റ് കമ്പനിയായ ടാസ്‌ക് ഔട്ട്സോഴ്സിങ്ങാണ് ടാസ്‌ക്ടെമ്പ് എന്ന പേരിലുള്ള നൂതന പോര്‍ട്ടല്‍ സംവിധാനം തുടങ്ങിയത്. www.tasctemp.com എന്ന വെബ്സൈറ്റിലാണ് ഈ സൗകര്യം ലഭിക്കുക. ഒരു ദിവസം മുതല്‍ ആറു മാസത്തേക്ക് വരെ ജീവനക്കാരെ ഇതുവഴി സേവനത്തിന് ലഭിക്കും.

ജീവനക്കാരെ നിയമിക്കാനാവശ്യമായ രേഖകളും നിയമനടപടികളും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതിനാല്‍ ഉടനെ സേവനത്തിനെത്തും. ടാസ്‌ക് ഔട്ട്സോഴ്സിങ്ങ് സി.ഇ.ഒ മഹേഷ് ഷഹ്ദാദ്പുരി, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ബാസ് അലി, മെല്‍വിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.