അബുദാബി മലയാളിക്ക് 20 കോടി രൂപ നറുക്കെടുപ്പിലൂടെ സമ്മാനം

അബുദാബിയിലെ ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം. കഴിഞ്ഞ വര്‍ഷാവസാനത്തെ (ഡിസംബര്‍) നറുക്കെടുപ്പാണിലാണ് ഹരികൃഷ്ണന്‍ നായര്‍ക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുക അബുദാബി ഡ്രീം12 നറുക്കെടുപ്പിനാണ്. ദുബായിലാണ് ഹരികൃഷ്ണന്‍ കുടുംബമായി താമസിക്കുന്നത്.

നറുക്കെടുപ്പിലെ വിജയിയെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതരില്‍നിന്ന് ഹരികൃഷ്ണന് അറിയിപ്പ് ലഭിച്ചിരുന്നു. ഇത്ര ഉയര്‍ന്ന തുക ആയതുകൊണ്ട് തന്നെ ഹരികൃഷ്ണന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഹരികൃഷ്ണനും കുടുംബവുമായുള്ള ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

ബിഗ് ടിക്കറ്റ് മില്യനിയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പുകളില്‍ 13 ലും ഇന്ത്യക്കാര്‍ക്കായിരുന്നു സമ്മാനം ലഭിച്ചത്. ഇതില്‍ തന്നെ കൂടുതലും മലയാളികളാണ്. 1992 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന നറുക്കെടുപ്പാണിത്.

നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ (10 ദശലക്ഷം ദിര്‍ഹം)യും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.