മുഖത്തെ രോമം വില്ലനാണോ ? പണച്ചെലവില്ലാതെ മാറ്റാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്

മുഖത്തെ രോമം ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ലെങ്കിലും പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണത്.ചില ആളുകള്‍ക്ക് മുഖത്തെ രോമങ്ങള്‍ ഉണ്ടാകാം, അത് വളരെ പരുക്കനും ഇരുണ്ടതുമാകാം, മാത്രമല്ല, മുഖത്തെ രോമങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ മുഖകാന്തിയ്ക്ക് കോട്ടം തട്ടിയ്ക്കും. പിന്നെ അതില്ലാതാക്കാന്‍ വാക്‌സിംഗ്, ത്രെഡിംഗ്, ലേസര്‍ ട്രീറ്റ്‌മെന്റ് തുടങ്ങി പല വഴികളിലേക്കും നമ്മള്‍ തിരിഞ്ഞു പോകും.വേദന ഒരുഭാഗത്ത് ഇതൊക്കെ ചെയ്യാന്‍ ചെലവും കൂടുതലാണെന്നത് മറ്റൊരു വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് നമുക്ക് വീടിനുള്ളില്‍ നിന്നുതന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ചില ഫേസ് മാസ്‌കുകള്‍ ഉണ്ടാക്കി അധിക രോമവളര്‍ച്ചയെ തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്.

വീട്ടില്‍ നിന്ന് എളുപ്പത്തില്‍ കണ്ടെത്താവുന്ന തേന്‍, ബേക്കിംഗ് സോഡ, മഞ്ഞള്‍, മുട്ട, ചെറുപയര്‍ മാവ് മുതലായവ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രകൃതിദത്തവും വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്നതുമായ ചില ഫേയ്‌സ് മാസ്‌കുകള്‍ സൗന്ദര്യ ഗുരു, ഷഹനാസ് ഹുസൈന്‍ നിര്‍ദ്ദേശിക്കുന്നു.

ചെറുപയര്‍ പൊടി മാസ്‌ക്

ബേസാന്‍ എന്നറിയപ്പെടുന്ന ചെറുപയര്‍ പൊടി വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവയാണ്. ഇതിന് അനുയോജ്യമായ മിശ്രിതം തയ്യാറാക്കാന്‍ മറ്റ് ചില ചേരുവകള്‍ കൂടി ആവശ്യമാണ്. മഞ്ഞള്‍പ്പൊടി, ക്രീം, പാല്‍, ചെറുപയര്‍ പൊടി എന്നിവയാണ് നമുക്ക് ആവശ്യമായ ചേരുവകള്‍. ഒരു പാത്രം എടുത്ത് അതില്‍ നാല് ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ക്രീം, രണ്ട് മൂന്ന് ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്തിളക്കുക. പേസ്റ്റ് കട്ടിയുള്ളതായി കാണുന്നതുവരെ എല്ലാ ചേരുവകളും നന്നായി ഇളക്കണം. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടി നന്നായി ഉണങ്ങാന്‍ അനുവദിക്കുക. പായ്ക്ക് ആവശ്യത്തിന് ഉണങ്ങി എന്ന് തോന്നിയാല്‍ രോമവളര്‍ച്ചയുടെ എതിര്‍ദിശയിലേക്ക് അത് വലിച്ചെടുക്കാന്‍ ശ്രമിക്കുക. ആദ്യം വലിക്കുമ്പോള്‍ രോമം പെട്ടെന്ന് വേര്‍പെടണമെന്നില്ല. എന്നാല്‍ രണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്തു കഴിയുമ്പോള്‍ രോമങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സാധിക്കും.

മുട്ട വെള്ള മാസ്‌ക്

മഞ്ഞക്കരുവില്‍ നിന്ന് മുട്ടയുടെ വെള്ള വേര്‍തിരിച്ചു കഴിഞ്ഞാല്‍, ഒരു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും ഒരു ടീസ്പൂണ്‍ പഞ്ചസാരയും അതിലേയ്ക്ക് ചേര്‍ക്കുക. കട്ടിയുള്ള പേസ്റ്റായി മാറുന്നത് വരെ ഈ ചേരുവകളെല്ലാം മിക്‌സ് ചെയ്യണം. ഇത് മുഖത്ത് മൃദുവായി പുരട്ടുക. മുഖത്തെ ചര്‍മ്മം മുറുകുകയും പേസ്റ്റ് ഉണങ്ങുകയും ചെയ്തുകഴിയുമ്പോള്‍ അത് നീക്കം ചെയ്യാം. ഈ മാസ്‌ക് ഇടുന്ന അതിലൂടെ രോമവളര്‍ച്ച തടയുക മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ പോലും ഇല്ലാതാകും.

വാഴപ്പഴം, ഓട്‌സ് സ്‌ക്രബ്

നിങ്ങളുടേത് വരണ്ട ചര്‍മ്മമാണെങ്കില്‍, ഇതിലും മികച്ച പ്രകൃതിദത്ത ഹെയര്‍ റിമൂവല്‍ വേറെ ഉണ്ടാകില്ല. ഇത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമല്ല, ജീവകങ്ങളും ധാതുക്കളും കൊണ്ട് മുഖത്തെ പോഷിപ്പിക്കുകയും ചെയ്യും. ഈ സ്‌ക്രബ് ഉണ്ടാക്കാന്‍, പകുതി വാഴപ്പഴം എടുത്ത് നന്നായി ചതച്ചെടുക്കുക. അതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഓട്‌സ് ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം നിങ്ങളുടെ മുഖത്ത് മൃദുവായി മസാജ് ചെയ്യുക, രോമ വളര്‍ച്ചയുടെ വിപരീത ദിശയിലേക്ക് വേണം ഇത് തേച്ച് പിടിപ്പിക്കാന്‍. 3-4 മിനിറ്റ് സ്‌ക്രബ്ബ് ചെയ്ത ശേഷം, ഈ മിശ്രിതം മുഖത്ത് കുറച്ച് നേരം കിടക്കട്ടെ. മിശ്രിതം ചര്‍മ്മത്തില്‍ മുറുകിയാല്‍, ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാം.

അരിപ്പൊടിയും മഞ്ഞള്‍ മാസ്‌കും

രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് മൂന്ന് ടീസ്പൂണ്‍ പാല്‍ (ആവശ്യമനുസരിച്ച് ഇടുക) എന്നിവ ചേര്‍ത്തിളക്കുക. ഈ ചേരുവകളുടെ മിശ്രിതം കട്ടിയുള്ള പേസ്റ്റ് പോലെ ആയിരിക്കണം. മിശ്രിതം മൃദുവായി പുരട്ടുക, അത് ഉണങ്ങുന്നത് വരെ മുഖത്ത് വയ്ക്കുക. കഴുകുന്നതിനുമുമ്പ്, കഴിയുന്നത്ര മിശ്രിതം വലിച്ചെടുക്കാന്‍ ശ്രമിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകാം.

പ്രകൃതിദത്ത വഴികള്‍ സമയമെടുക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഫലപ്രദവും ദീര്‍ഘകാല ഫലങ്ങള്‍ കാണിക്കുന്നതുമാണവ. അതിനാല്‍, പ്രകൃതിദത്ത പ്രതിവിധികള്‍ പതിവായി ചെയ്യുക,കഴുകിയ ശേഷം, മോയ്‌സ്ചറൈസര്‍ പ്രയോഗിക്കാന്‍ മറക്കരുത്.