സ്തനാര്‍ബുദ രോഗികളില്‍ കോവിഡ് 19-ന്റെ പ്രഭാവം; പരിചരണവും ചികിത്സയും എങ്ങനെ

നഗരങ്ങളില്‍ പാര്‍ക്കുന്ന 40 വയസ്സിലധികം പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്നതില്‍ ഏറ്റവും സാധാരണമായതും ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ പൊതുവെ കാണപ്പെടുന്നതില്‍ രണ്ടാംസ്ഥാനത്തുള്ളതുമാണ് സ്തനാര്‍ബുദം. ഇതിനുള്ള മുഖ്യകാരണം അനാരോഗ്യകരവും വ്യായാമരഹിതവുമായ ജീവിതശൈലിയാണ്. സ്തനത്തിലെ കോശങ്ങളില്‍ രൂപപ്പെടുന്ന ഒരു തരം കാന്‍സറാണ് സ്തനാര്‍ബുദം. അത് മിക്കപ്പോഴും ഒരു മുഴയായിട്ടാണ് അനുഭവപ്പെടുക. സ്തനത്തില്‍, കക്ഷപ്രദേശത്ത് അല്ലെങ്കില്‍ തോളെല്ലിനു സമീപമായി കാണപ്പെടുന്ന മുഴ, മുലക്കണ്ണ് അല്ലെങ്കില്‍ ചര്‍മ്മം ദൃശ്യമാകുന്ന വിധത്തില്‍ വിശദീകരിക്കാനാകാത്ത വിധമുള്ള മാറ്റം, ഏതെങ്കിലും ഒരു വശത്തു മാത്രമുള്ള സ്തനത്തിന്റെ വലിപ്പത്തില്‍ അല്ലെങ്കില്‍ ആകൃതിയില്‍ മാറ്റം, മുലക്കണ്ണില്‍ നിന്ന് പാലിനു പുറമേ മറ്റു സ്രവങ്ങള്‍ എന്നിവയാണ് സ്തനാര്‍ബുദത്തിന്റെ പൊതുവായ ലക്ഷണങ്ങളില്‍ ചിലത്.

മറ്റുതരം കാന്‍സറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്തനാര്‍ബുദത്തില്‍ രോഗം ഭേദമാകുന്നതിന്റെ നിരക്ക് കൂടുതലാണ് കാരണം അതിന് പല ചികിത്സാമാര്‍ഗ്ഗങ്ങളും ലഭ്യമാണ്. എങ്കിലും, സ്തനാര്‍ബുദം നിയന്ത്രിക്കുന്നതിന് രോഗി ചികിത്സ തുടരേണ്ടതാണ് എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്, ഒപ്പം സര്‍ജറിക്കു വിധേയമാകുന്നതിലും കീമോതെറാപ്പി, റേഡിയേഷന്‍ സൈക്കിളുകളിലും കാലതാമസം വരുത്താനും പാടില്ല.

കോവിഡ്-19 മഹാമാരി ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും ബാധിച്ചിട്ടുണ്ട്, ഇതില്‍ സ്തനാര്‍ബുദത്തിനുള്ള സ്‌ക്രീനിംഗ്, രോഗനിര്‍ണയം, ചികിത്സ, തുടര്‍ പരിചരണം എന്നിവയും ഉള്‍പ്പെടുന്നു. കാന്‍സര്‍ രോഗികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണ് അത് അവരില്‍ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത അധികമാക്കുന്നു. അതിനാല്‍, ചികിത്സാ നടപടിക്രമങ്ങളെ സംബന്ധിച്ച് നിങ്ങളെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റുമായി സംസാരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. സ്വാഭാവികമായും, ഡോക്ടര്‍മാര്‍ കാന്‍സര്‍ രോഗികളെ പല വിഭാഗങ്ങളില്‍ പെടുത്തുകയും മുന്‍ഗണന അനുസരിച്ച് ചികിത്സാരീതികള്‍ സ്വീകരിക്കുകയുമാണ് പതിവ്. വിദൂരത്തില്‍ കഴിഞ്ഞു കൊണ്ട് പരിചരണം നല്‍കാന്‍ കഴിയുന്ന രോഗികളാണ് ഒന്നാമത്തേത്.

സാധാരണഗതിയില്‍ സക്രിയമായ ചികിത്സകള്‍ കഴിഞ്ഞ് തുടര്‍നിരീക്ഷണ ത്തിലുള്ളവര്‍ അല്ലെങ്കില്‍ വായിലൂടെ കഴിക്കാവുന്ന ചില മരുന്നുകള്‍ എടുക്കുന്നവര്‍ ആയിരിക്കും ഇത്തരക്കാര്‍. രണ്ടാമത്തേത് വിദൂരസ്ഥമായി പരിചരണം നല്‍കാന്‍ കഴിയാത്തവരും ചികിത്സ വൈകിപ്പിക്കുന്നത് രോഗാവസ്ഥയില്‍ പരിമിതമായ പ്രഭാവം മാത്രം ഉണ്ടാക്കുന്നവരുമാണ്; അതായത് നിയന്ത്രണവിധേയമായ നിലയില്‍ കാന്‍സര്‍ ഉള്ളവര്‍. അവസാനത്തേത് ഒരു സാഹചര്യത്തിലും ചികിത്സ വൈകിപ്പിക്കാന്‍ കഴിയാത്തവരാണ്; അതായത് കാന്‍സറുണ്ടെന്ന് അപ്പോള്‍ മാത്രം കണ്ടെത്തിയവര്‍ അല്ലെങ്കില്‍ രോഗത്തിന്റെ പ്രാരംഭഘടത്തിലുള്ള സക്രിയ ആന്റി-കാന്‍സര്‍ തെറാപ്പിക്ക് വിധേയരാകുന്നവര്‍, അവരുടെ കാര്യത്തില്‍ ചികിത്സ വൈകുന്നത് ഫലത്തെ ദോഷകരമായി ബാധിച്ചേക്കാം.

ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി കൊണ്ടിരിക്കുകയും  സ്‌ക്രീനിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തതിനാല്‍ കാന്‍സര്‍ ചികിത്സയ്ക്കു വേണ്ടി ആശുപത്രിയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്. ഏത് വിഭാഗം രോഗികളാണ് ആശുപത്രിയില്‍ എത്തേണ്ടതെന്ന കാര്യം ഡോക്ടര്‍മാര്‍ തീരുമാനിച്ച് ആ വിവരം രോഗികളെയും അവരെ പരിചരിക്കുകയും ചെയ്യുന്നവരെ അറിയിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു. ആശുപത്രി സന്ദര്‍ശനം പരിമിതപ്പെടുത്തുകയും കോവിഡ്-19 ബാധിക്കാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നതിന് ടെലികണ്‍സല്‍ട്ടേഷന്‍ മുഖേന എല്ലാ തുടര്‍നിരീക്ഷണ സെഷനുകളും നടപ്പാക്കുന്നതാകും അഭികാമ്യമെന്നും ഉപദേശിക്കുന്നു.

കാന്‍സര്‍ ചികിത്സ തിരഞ്ഞെടുക്കാവുന്ന ഒരു പ്രക്രിയയല്ല എന്ന കാര്യം രോഗികള്‍ ഓര്‍മ്മിക്കേണ്ടതാണ്. കോവിഡ്-19 കേസുകള്‍ ഗണ്യമായ വിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും, ഭയം കാരണം രോഗികള്‍ മുന്നോട്ടു വരാന്‍ തയ്യാറാകാതെ പോകരുത്. ആശുപത്രികള്‍ എല്ലാ സമയത്തും ഉചിതമായ സാമൂഹിക അകലം പാലിക്കലും അണുനശീകരണവും ഉറപ്പാക്കണം.
നിങ്ങളുടെ പ്രായം എന്തുതന്നെ ആയാലും, സ്തനാര്‍ബുദത്തിനെതിരായുള്ള പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള ആദ്യത്തെ ചുവട് അപകടസാദ്ധ്യത, രോഗലക്ഷണങ്ങള്‍, സ്വയം പരിശോധനയിലൂടെ തുടക്കത്തിലേയുള്ള രോഗനിര്‍ണത്തിന്റെ പ്രാധാന്യം എന്നിവ മനസ്സിലാക്കുന്നതാണ്. സ്ത്രീകള്‍ ജീവിതത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഈ ഘടകങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ശരിയായ ജീവിതശൈലി തിരഞ്ഞെടുക്കാന്‍ കഴിയും, വര്‍ദ്ധിച്ച അവബോധമുണ്ടെങ്കില്‍ അപകടസാദ്ധ്യത തിരിച്ചറിഞ്ഞ് പെരുമാറ്റത്തില്‍ വ്യത്യാസം വരുത്താനും അവര്‍ക്കു സാധിക്കും.