അതിഥികളെ സ്വീകരിക്കും, ആഹാരം വിളമ്പും: കൗതുകമായി തക്കാരം റസ്റോറന്റിലെ റോബോട്ടുകൾ

 

തക്കാരം റസ്റ്റോറന്റിൽ ആഹാരം കഴിക്കാനെത്തുന്നവരെ ഞെട്ടിക്കാനായി പുതിയ നാല് ജീവനക്കാർ വന്നിട്ടുണ്ട്. മറ്റാരുമല്ല താര, സൂസി,അന്ന, ഹേബ എന്ന ചൈനീസ് നിർമ്മിത റോബോട്ടുകൾ ആണ് അതിഥികളെ സ്വീകരിക്കാനും ആഹാരം വിളമ്പാനും എത്തിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ ആദ്യത്തെയും , നടൻ മണിയൻ പിള്ള രാജുവിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ ” ബി അറ്റ് കിവിസോ” ക്കു ശേഷം കേരളത്തിലെ രണ്ടാമത്തെ റോബോട്ടിക് റസ്റോറന്റുമായി മാറുകയാണ് തക്കാരം.

അതിഥികളെ സ്വീകരിക്കുന്നതിന്റെ ചുമതല താര ഏറ്റെടുത്തപ്പോൾ മറ്റു മൂന്നുപേർ ആഹാരം വിളമ്പുന്നതിൽ തിരക്കിലാണ്. ആളുകളെ ആകർഷിക്കുന്നതിനായി പുതുമയുള്ള ആശയങ്ങൾ ഉപയോഗിക്കുക എന്ന പതിവിനെ പിന്തുടർന്നാണ് തക്കാരം ഇത്തരത്തിൽ റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ തിരുവനന്തപുരത്തെ വിമാന മാതൃകയിലുള്ള റസ്റ്റോറന്റും കൊച്ചിയിലെ ബസ് മാതൃകയിലുള്ള റസ്റ്റോറന്റും കേരളത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ, ഹോട്ടലുകൾക്കു ഉദാഹരണമാണ്.