എംടിയെ വായിക്കുമ്പോള്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

എം ടി വാസുദേവന്‍ നായരുടെ ശൈലി പണ്ഡിത വ്യാഖ്യാനം ആവശ്യമില്ലാത്തവിധം ലളിതമാണ്. ഇരുപതു വര്‍ഷം മുമ്പ്, പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത്. എംടി നടത്തിയതും പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ പ്രസംഗം കോഴിക്കോട്ടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അദ്ദേഹം ആവര്‍ത്തിച്ചപ്പോള്‍, ഇ പിജയരാജന്‍ ഉള്‍പ്പെടെ, വ്യാഖ്യാതാക്കളെക്കൊണ്ട് കേരളം പൊറുതി മുട്ടി. എംടിയുടെ ഒരു കഥയും ഡയലോഗും ഇത്രമാത്രം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടാവില്ല. അധികാരത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമാണ് എംടി സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തോടാണ് എംടി സംസാരിച്ചതെന്ന് വ്യാഖ്യാനമുണ്ടായി. പിണറായി വിജയന്‍ ഉള്‍പ്പെടെ ഏതൊരാളും കേള്‍ക്കേണ്ടതായ കാര്യങ്ങള്‍ തന്നെയാണ് എംടി പറഞ്ഞത്. നമ്മുടെസമൂഹത്തിലും ജനാധിപത്യത്തിലും പ്രകടമാകുന്ന അപചയത്തെക്കുറിച്ച് സമയോചിതവും സാന്ദര്‍ഭികവുമായ മുന്നറിയിപ്പാണ് എംടി നല്‍കിയത്. അതിന് അദ്ദേഹത്തോളം പ്രാപ്തനായ മറ്റൊരാളില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടതുപോലെ പറയേണ്ട നേരത്ത് പറയുന്നില്ല എന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള പരാതി.

എഴുത്തുകാരനെന്ന നിലയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കണം എംടിക്ക് ഉത്കണ്ഠയുണ്ടാകേണ്ടത്. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്യ്രവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഇത്രമാത്രം വെല്ലുവിളി നേരിടുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ല. ഗൗരി ലങ്കേഷിനെ അത്ര പെട്ടെന്ന് മറക്കാനാകുമോ?. മാധ്യമപ്രവര്‍ത്തകരെയാകെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയിരിക്കുന്ന കാലം പത്രാധിപരായിരുന്ന എംടിയുടെ ശ്രദ്ധയില്‍ പെടാതെ പോകുമോ? പക്ഷേ അതിലേക്കൊന്നും അദ്ദേഹം പോകാതിരുന്നത് പ്രസംഗം എഴുതുന്ന കാലത്ത് നരേന്ദ്ര മോദിയുടെ ഭരണം ആരംഭിച്ചിട്ടില്ലാത്തതുകൊണ്ടാണ്. കേരളത്തില്‍ മുഖ്യമന്ത്രി ആന്റണി ആയാലും ഉമ്മന്‍ ചാണ്ടി ആയാലും ഇപ്രകാരം ശാസനയുടെ ആവശ്യമില്ല. പിന്നെ ആരെ ഉദ്ദേശിച്ചാവാം എംടി ഇക്കാര്യങ്ങള്‍ പറഞ്ഞത്, പിണറായി വിജയനെ ഉന്നമിട്ട പ്രസംഗമായിരുന്നില്ല അതെന്ന് എംടിതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും എംടിയെ വിരല്‍ ചൂണ്ടുന്ന പ്രവാചകനാക്കാനും പിണറായിയെ ആ ചൂണ്ടുവിരലിന്റെ ഉന്നമാക്കാനുമാണ് ശ്രമം നടക്കുന്നത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലെ എംടിയുടെ സാന്നിധ്യം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. പ്രായത്തിന്റെ അവശതകൊണ്ടാവാം അദ്ദേഹം സമകാലികമായ ഇന്ത്യന്‍ പ്രശ്‌നങ്ങളെ വിഷയമാക്കാതെ ഒരു പഴയ ലേഖനം പ്രസംഗമെന്ന നിലയില്‍ വായിക്കുക മാത്രം ചെയ്തത്. റഷ്യന്‍ പശ്ചാത്തലത്തില്‍ മാര്‍ക്‌സിയന്‍ തത്ത്വചിന്തകനായ വില്‍ഹെംറീഹിനെ ഉദ്ധരിക്കുന്ന കുറിപ്പ് ഉയര്‍ന്ന തലത്തിലുള്ള ജനാധിപത്യചിന്തയാണ് അവതരിപ്പിക്കുന്നത്. ഗോര്‍ക്കിയും ചെക്കോവും മാത്രമല്ല മാര്‍ക്‌സും ഇഎംഎസും അതില്‍ പരാമര്‍ശിതരാകുന്നുണ്ട്. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള സമൂഹമാകുകയും സ്വന്തം കരുത്തിലൂടെ സ്വാതന്ത്ര്യം ആര്‍ജിക്കുകയും ചെയ്യണമെന്ന എംടിയുടെ വാക്കുകളുടെ നാനാര്‍ത്ഥങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നതിനു പകരം കിട്ടുന്നതെന്തും പിണറായിക്കെതിരെ എന്ന അത്ര ആശാസ്യമല്ലാത്ത വ്യായാമത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും വ്യാപരിച്ചത്.

എംടി ആക്രമിക്കപ്പെടുന്നു എന്ന മിഥ്യാധാരണയുടെ പേരില്‍ അദ്ദേഹത്തിന്റെ പിന്നില്‍ സുരക്ഷിതമായി മറഞ്ഞിരുന്ന് പിണറായിയെ ആക്രമിക്കാനിറങ്ങിയ സാംസ്‌കാരിക നായകവൃന്ദവും എംടിയെ ശരിയായ രീതിയിലല്ല വായിച്ചത്. ആരുടെയെങ്കിലും മറയിലും വിലാസത്തിലും അല്ലാതെ പ്രതികരിക്കാന്‍ കഴിയാത്തവരാണ് നമ്മുടെ സാംസ്‌കാരികനായകര്‍.
എംടിയുടെ സാമൂഹിക വിമര്‍ശത്തെ ദേശീയതലത്തിലേക്കുയര്‍ത്തിയ സാറ ജോസഫ് അദ്ദേഹത്തോട് നീതി ചെയ്തു. പുരസ്‌കാരങ്ങളെക്കൊണ്ടു മാത്രമല്ല എംടി സമാദരണീയനാകുന്നത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും. ആ അവസ്ഥയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. പ്രത്യേകിച്ച് വേദി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റേതാകുമ്പോള്‍. എഴുത്തോ നിന്റെ കഴുത്തോ എന്ന പുരാതനമായ പ്രൊക്രൂസ്റ്റിയന്‍ ചോദ്യം എഴുതുന്നവരെയെല്ലാം വല്ലാതെ അലട്ടുന്ന കാലമാണിത്. ആവിഷ്‌കാരസ്വാതന്ത്രമില്ലെങ്കില്‍ ജനാധിപത്യമില്ലെന്ന കാര്യംഅറിയാത്ത ആളല്ലല്ലോ എംടി. ജനാധിപത്യത്തിലെ ഉത്തരവാദിത്തമുള്ള സമൂഹത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ എംടിയുടെ പ്രസംഗം ആള്‍ക്കൂട്ടത്തോടായിരുന്നില്ലെങ്കിലും ആള്‍ക്കൂട്ടത്തിനു വേണ്ടിയായിരുന്നു. ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റണമെന്ന് എംടി പറയുമ്പോള്‍ ആള്‍ക്കൂട്ടം സ്വന്തമായുള്ള കേരളത്തിലെ നേതാവെന്ന നിലയില്‍ പിണറായി വിജയനും പ്രസംഗം പ്രയോജനപ്പെട്ടിട്ടുണ്ടാകും. ”ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും” ഇഎംഎസിനെ കണ്ടിരുന്നില്ലെന്ന് 20 വര്‍ഷം മുമ്പ് എംടി എഴുതിയത് ഇന്ന് പിണറായി വിജയനെ അപ്രകാരമുള്ള പൂജകളില്‍ കാണുന്നു എന്ന അര്‍ത്ഥത്തിലാവില്ല. എങ്കിലും എംടിയുടെ വാക്കുകള്‍ക്ക് സമകാലികമായ അര്‍ത്ഥം ഉണ്ടാകത്തക്ക രീതിയില്‍ അനാശാസ്യമായ പ്രവണതകള്‍ അദ്ദേഹത്തിന്റെ മന്ത്രിമാരില്‍നിന്നുതന്നെ ഉണ്ടാകുന്നുണ്ട്. അവതാരങ്ങള്‍ക്കെതിരെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിക്കൊണ്ട് അധികാരത്തിലേറിയ പിണറായി ഇപ്പോള്‍ സ്തുതിപാഠകരുടെ അധിനിവേശത്തിലാണെന്ന ആക്ഷേപത്തില്‍നിന്നാണ് എംടിയുടെ വാക്കുകള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ടായത്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളെ
അപഹസിക്കുന്നതിന് മരിച്ചുപോയ കമ്യൂണിസ്റ്റ് നേതാക്കളെ പ്രകീര്‍ത്തിക്കുന്ന വലതുപക്ഷരീതിയുണ്ട്. എംടിയുടെ പ്രസംഗത്തില്‍ ഇരുപതു വര്‍ഷം മുമ്പുണ്ടായ ഇഎംഎസ് പരാമര്‍ശത്തെ അങ്ങനെ കാണേണ്ടതില്ല.

സ്വയംവിമര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത പ്രവര്‍ത്തനശൈലിയാണ്. ആരോഗ്യകരമായ ആ പ്രവര്‍ത്തനത്തില്‍ എംടിയുടെ വാക്കുകള്‍ മാത്രമല്ല അവയെ അടിസ്ഥാനമാക്കിയുണ്ടായ വ്യാഖ്യാനങ്ങളും പഠനസഹായി ആക്കാവുന്നതാണ്. തെറ്റുതിരുത്തല്‍, എംടി ഓര്‍മപ്പെടുത്തുന്നതുപോലെ, ഇഎംഎസ് പഠിപ്പിച്ചിട്ടുള്ള പാഠമാണ്. ഫാസിസത്തില്‍ മാത്രമല്ല, ജനാധിപത്യ കമ്യൂണിസത്തിലും നേതാവ് വിമര്‍ശനത്തിന് അതീതനായി നില്‍ക്കും. സ്റ്റാലിന്റെ കാലശേഷം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ക്രൂഷ്‌ചേവ് തന്റെ മുന്‍ഗാമിയെ വിമര്‍ശിച്ചപ്പോള്‍ ഇതെന്തുകൊണ്ട് അന്നു പറഞ്ഞില്ല എന്ന ചോദ്യം സദസില്‍നിന്ന് കേട്ടു. ചോദ്യം ചോദിച്ചയാള്‍ എഴുന്നേല്‍ക്കട്ടെ എന്ന് ക്രൂഷ്‌ചേവ് പറഞ്ഞപ്പോള്‍ ആരും എഴുന്നേറ്റില്ല. ഇതുതന്നെയായിരുന്നു അന്ന് എന്റെ അവസ്ഥ എന്ന് ക്രൂഷ്‌ചേവ് പറഞ്ഞതായാണ് കഥ. കഥയാണെങ്കിലും അതില്‍ അല്പം കാര്യമുണ്ട്.

വിമര്‍ശിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് നേതാവ് ജനാധിപത്യത്തിലെ നേതാവാകുന്നത്. അധികാരത്തിന് വഴങ്ങാതിരിക്കുകയും അടച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരികുകുകയും ചെയ്യുന്ന സ്വഭാവം എഴുത്തുകാരനായ എംടിക്കുണ്ട്. തറവാട്ടിലെ അമ്മാവനും കാരണവരും അദ്ദേഹത്തിന്റെ എതിര്‍പക്ഷത്താണ്. സ്വാതന്ത്ര്യം നേടിയെടുക്കാനുള്ളതാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ആ സന്ദേശത്തിന്റെ സര്‍ഗാത്കമായ പ്രചാരമാണ് എംടിയെ അനുകൂലിക്കുന്നവര്‍ ചെയ്യേണ്ടത്. ഇരുപത് വര്‍ഷം മുമ്പ് എംടി എഴുതിയ ചെറുലേഖനം പുസ്തകരൂപത്തില്‍ ലഭ്യമായിരുന്നിട്ടും എന്തുകൊണ്ട് കണ്ടില്ലെന്ന ചോദ്യമുണ്ട്. വേദിയില്‍ പിണറായി വിജയന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ആരും അത് ശ്രദ്ധിക്കുമായിരുന്നില്ല.