ഉത്തരവാദിത്ത ടൂറിസത്തില്‍ ഒന്നാമത് തന്നെ; വീണ്ടും പുരസ്കാര തിളക്കത്തില്‍ കേരളം

വിനോദ സഞ്ചാര രംഗത്തെ മികവിനു സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി കേരളത്തിനു ഒന്‍പതു പുരസ്‌കാരങ്ങള്‍. ഉത്തരവാദിത്ത ടൂറിസത്തിനുള്ള പ്രഥമ ദേശീയ അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ കേരളം സ്വന്തമാക്കിയത്. ലോക വിനോദ സഞ്ചാര ദിനത്തില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അദ്ധ്യക്ഷനായിരുന്നു.

മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള പുരസ്‌കാരം സിക്കിമിനൊപ്പമാണ് കേരളം പങ്കിട്ടത്. കുമരകത്ത് നടപ്പാക്കിയ പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ള അംഗീകാരം നേടികൊടുത്തത്. വിവര സാങ്കേതിക വിദ്യയുടെ നൂതനമായ വിനിയോഗം, മികച്ച ഇംഗ്ലിഷ് ഇതര വിദേശ ഭാഷാ പ്രസിദ്ധീകരണം, മികച്ച വിനോദ സഞ്ചാര പ്രചാരണ ബ്രോഷര്‍, കാറ്റഗറി-സിയില്‍പ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മികച്ച സിവിക് മാനേജ്‌മെന്റ് പുരസ്‌കാരങ്ങള്‍ക്കു പുറമെ സമഗ്ര വികസനത്തില്‍ മൂന്നാം സ്ഥാനവും കേരളത്തിനാണ്. സമഗ്ര വികസനത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടിയത്.

സ്വകാര്യ മേഖലയില്‍ കൊച്ചിയിലെ ലോട്ടസ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്(മികച്ച ടൂര്‍ ഓപ്പറേറ്റര്‍), കുമരകം താജ് വിവാന്ത (മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍), സോമതീരം റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റല്‍ (വെല്‍നസ് സെന്റര്‍) എന്നിവ പുരസ്‌കാരങ്ങള്‍ നേടി. കേരളത്തിന് പുറത്ത് ഡല്‍ഹിയിലെ പണിക്കേഴ്‌സ് ട്രാവല്‍സ് (മികച്ച ടൂര്‍ ഓപ്പറേറ്ററിംഗ് -ഗതാഗതം) രണ്ടാം സ്ഥാനം നേടി.

കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഡോ.വിശ്വാസ് മേത്ത, അഡിഷണല്‍ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍, ടൂറിസം അഡിഷണല്‍ ഡയറക്ടര്‍ ജാഫര്‍ മാലിക്, താജ് വിവാന്റ ജനറല്‍ മാനേജര്‍ ജയന്ത് ദാസ്, ബേബി മാത്യു സോമതീരം, ലോട്ടസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.