ഫോണ്‍, പേടിഎം, ഗൂഗിള്‍പേ എന്നിവ പോയി ഡിജിറ്റല്‍ റുപ്പിയാകുമോ? ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ റുപ്പി പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നറിയണ്ടേ!

ഡിസംബര്‍ ഒന്നിന് റീട്ടെയ്ല്‍ ഡിജിറ്റല്‍ റുപ്പിയുടെ ലോഞ്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്നും വിളിക്കാറുണ്ട്. ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ കറന്‍സി പണരഹിത ഇടപാടുകള്‍ വര്‍ധിപ്പിക്കുകയും നിരവധി പ്രക്രിയകള്‍ ലളിതമാക്കുകയും ചെയ്യും.

യു.പി.ഐ അല്ലെങ്കില്‍ മൊബൈല്‍ വാലറ്റുകള്‍ക്ക് പകരം പുതിയ പണമിടപാട് സംവിധാനം വരുമോ?

പുതിയ പെയ്മെന്റ് സംവിധാനം ഡിജിറ്റല്‍ കറന്‍സിയുടെ കാര്യത്തില്‍ യു.പി.ഐ, മൊബൈല്‍ വാലറ്റ് എന്നിവയുമായി നേരിട്ട് മത്സരിക്കില്ല. വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് മറ്റൊരു പണമിടപാട് സംവിധാനംകൂടി ഉപഭോക്താക്കള്‍ക്ക് മുമ്പാകെ വെക്കുകയാണ് ചെയ്യുന്നത്. ബാങ്കില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഒരു തവണ ഡിജിറ്റല്‍ കറന്‍സി വാങ്ങാം, അത് ഒരു വാലറ്റില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുകയോ പര്‍ച്ചേസ് നടത്താന്‍ ഉപയോഗിക്കുകയോ ചെയ്യാം.

യു.പി.ഐ എന്നതും ഡിജിറ്റല്‍ റുപ്പിയെന്നതും ഒന്നല്ല:

ഇന്‍ഫിബീം അവന്യൂസ് ലിമിറ്റഡിന്റെ ഡയറക്ടറും പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മേധാവിയുമായ വിശ്വാസ് പട്ടേല്‍ പറയുന്നത് അനുസരിച്ച് ഇത് ഫിസിക്കല്‍ പേയ്മെന്റിനുള്ള ഒരു മാര്‍ഗമാണ്. എന്നാല്‍ യു.പി.ഐയില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്. ഏതെങ്കിലും ഒരു ബാങ്കിനെ ഉപയോഗിക്കാതെ ഡിജിറ്റല്‍ പണമിടപാടുകള്‍ സാധ്യമല്ല. ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് തുല്യമായിരിക്കും. ചെലവഴിച്ച തുക ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നതുമായിരിക്കും.

റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സി കൊണ്ടുവരാന്‍ ടു ടയര്‍ മോഡലാണ് നിര്‍ദേശിക്കപ്പെട്ടത്. ബാങ്കുകള്‍ക്ക് വിതരണം ചെയ്യാന്‍ ആര്‍.ബി.ഐ ഡിജിറ്റല്‍ കറന്‍സി നല്‍കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആദ്യഘട്ടം നാലു ബാങ്കുകളിലൂടെയാണ് തുടങ്ങുന്നത്. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണിവ. ഈ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ കറന്‍സി വാഗ്ദാനം ചെയ്യും. അതിനുശേഷം നിങ്ങള്‍ക്ക് ഈ ബാങ്കുകളില്‍ നിന്നും നിങ്ങളുടെ ഫോണിന്റെ സഹായത്താല്‍ ഡിജിറ്റല്‍ വാലറ്റ് ട്രാന്‍സാക്ഷന്‍ നടത്താന്‍ കഴിയുകയും ചെയ്യും.

പണമിടപാടുകള്‍ നടത്താന്‍ ക്യു.ആര്‍ കോഡുകളും ഉപയോഗിക്കാം:

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിക്കോ കച്ചവടക്കാരനോ പേയ്മെന്റ് നടത്താന്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാം. ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ചുള്ള പെയ്മെന്റ് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും നടത്താം.

ഈ സേവനം ലഭിക്കുന്ന ബാങ്കുകളും നഗരങ്ങളും:

നേരത്തെ പറഞ്ഞ ബാങ്കുകള്‍ക്ക് പുറമേ ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകള്‍ക്ക് കൂടി രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ റുപ്പീ പെയ്മെന്റ് സ്വീകരിക്കാന്‍ കഴിയുമെന്നാണ് ആര്‍.ബി.ഐ പ്രഖ്യാപിച്ചത്. മുംബൈ, ന്യൂഡല്‍ഹി, ബംഗളുരു, ഭൂവനേശ്വര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തിലും അഹമ്മദാബാദ്, ഗാംങ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്നൗ, പാട്ന, ഷിംല എന്നിവിടങ്ങളില്‍ പിന്നീടും ഈ സേവനം ലഭിക്കും.