ഇനി ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ വഴി യു.പി.ഐ ഇടപാടുകള്‍ നടത്താം, നിബന്ധനകള്‍ ഇവയാണ്

പണമിടപാടുകള്‍ക്ക് യു.പി.ഐ വ്യാപകമായി കഴിഞ്ഞു. ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതാണ്് യു.പി.ഐ ഇത്രത്തോളം വ്യാപകമാകാനുള്ള പ്രധാന കാരണം. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ കച്ചവടക്കാരന്റെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്തോ നമുക്ക് പണം കൊടുക്കാന്‍ കഴിയും. പെട്ടെന്നുതന്നെ ഇടപാട് പൂര്‍ത്തിയാക്കാം. നേരത്തെ ബാങ്ക് അക്കൗണ്ടുകള്‍ യു.പി.ഐയുമായി ബന്ധിപ്പിച്ചുമാത്രമേ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ പണമിടപാടുകള്‍ നടത്താനായി ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ യു.പി.ഐയുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നിരിക്കുകയാണ്. എന്നാല്‍ യു.പി.ഐയുമായി ലിങ്ക് ചെയ്ത ക്രഡിറ്റ് കാര്‍ഡ് വഴി കച്ചവടക്കാര്‍ക്ക് മാത്രമേ പണം നല്‍കാന്‍ കഴിയൂ, വ്യക്തികള്‍ക്ക് നല്‍കാനാവില്ല.

ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് യു.പി.ഐ ആപ്പുകളുമായി ബന്ധിപ്പിച്ചാല്‍ പി.ഒ.എസ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെ തന്നെ പണം നല്‍കാം. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം പണമിടപാട് രീതിയായി ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് പെയ്മെന്റ് തെരഞ്ഞെടുത്തശേഷം ഇടപാട് നടത്താം. ഡബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ പെയ്മെന്റ് തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ രജിസ്ട്രേറ്റ് മൊബൈല്‍ നമ്പറിലേക്ക് ഒരു ഒ.ടി.പി വരും. ഈ ഒ.ടി.പി എന്റര്‍ ചെയ്ത് പെയ്മെന്റ് പൂര്‍ത്തിയാക്കാം.

ഗൂഗിള്‍ പെ ഫോണ്‍പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴി ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതെങ്ങനെയെന്ന് നോക്കാം.

ഗൂഗിള്‍ പേ:

ഗൂഗിള്‍ പേ വഴി ക്രഡിറ്റ് കാര്‍ഡ്, ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ നിങ്ങള്‍ ആദ്യം കാര്‍ഡ് യു.പി.ഐ ആപ്പില്‍ ആഡ് ചെയ്യണം. ജിപേ വെബ്സൈറ്റ് പ്രകാരം താഴെപ്പറയുന്ന ബാങ്കുകളുടെ ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകളാണ് ജിപേയില്‍ ആഡ് ചെയ്യാനാവുക.

ആക്സിസ് ബാങ്ക്, എസ്.ബി.ഐ, എസ്.ബി.ഐ കാര്‍ഡ്സ്, കൊട്ടക് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്റസ്ഇന്ത് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, വണ്‍ കാര്‍ഡ് എന്നിവ ജിപേയില്‍ ലിങ്ക് ചെയ്ത് ഇടപാട് നടത്താം.

ഇനി ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡ് ജിപേയില്‍ ആഡ് ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. ആദ്യം ആപ്പ് തുറന്ന് പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്യണം. ശേഷം പെയ്മെന്റ് മെത്തേഡ്സില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നേരത്തെ ആഡ് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ കാണാം. ഒപ്പമുള്ള ‘ആഡ് ക്രഡിറ്റ് ഓര്‍ ഡബിറ്റ്’ കാര്‍ഡില് ക്ലിക്ക് ചെയ്ത് കാര്‍ഡ് ജിപേയില്‍ കാര്‍ഡ് ചേര്‍ക്കാം.

ഇനി നിങ്ങള്‍ കാര്‍ഡ് നമ്പറും, കാലാവധിയും, സി.വി.വി നമ്പറും കാര്‍ഡ് ഉടമയുടെ പേരും ബില്ലിങ് അഡ്രസും എന്റര്‍ ചെയ്ത് സേവ് ചെയ്യണം.

ശേഷം ചട്ടങ്ങളും നിബന്ധനകളും വായിച്ചുനോക്കി ആക്സ്പറ്റ് ചെയ്താല്‍ ‘ആക്ടിവേറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്ത് കച്ചവടക്കാര്‍ക്ക് പണം പേ ചെയ്യാന്‍ തുടങ്ങാം.

ഇതിനുമുമ്പ് നിങ്ങള്‍ കാര്‍ഡ് വെരിഫൈ ചെയ്യണം. അതിനായി ഒരു ഒ.ടി.പി രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരും. കാര്‍ഡ് വെരിഫൈ ചെയ്തു കഴിഞ്ഞാല്‍ ഇടപാടുകള്‍ക്കായി നിങ്ങള്‍ക്ക് അത് ഉപയോഗിക്കാനാവും. മാസ്റ്റര്‍കാര്‍ഡ് അല്ലെങ്കില്‍ വിസ പെയ്മെന്റ് ഗേറ്റ് വേ കാര്‍ഡുകള്‍ മാത്രമേ ജിപേ സപ്പോര്‍ട്ട് ചെയ്യൂ.

ഫോണ്‍ പേയിലാണെങ്കില്‍:

ഫോണ്‍ പേയില്‍ ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പെയ്മെന്റ് മെത്തേഡുകളുടെ കൂട്ടത്തില്‍ ക്രഡിറ്റ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ആഡ് ചെയ്യണം. അതിനായി നേരത്തെ ജിപേയില്‍ ചെയ്ത അതേ സ്റ്റെപ്പുകള്‍ ഫോണ്‍ പേയില്‍ ചെയ്താല്‍ മതി. ഫോണ്‍ പേ ആപ്പിന്റെ സെറ്റിങ്സില്‍ പെയ്മെന്റ് മെത്തേഡുകള്‍ പരിശോധിക്കുക. അതില്‍ ‘ആഡ് ന്യൂ കാര്‍ഡ്’ എന്ന ഓപ്ഷനുണ്ടാവും. ശേഷം കാര്‍ഡ് വിശദാംശങ്ങള്‍ എന്റര്‍ ചെയ്യുക. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഒരു രൂപ ഡബിറ്റ് ചെയ്തുകൊണ്ട് കാര്‍ഡ് വെരിഫൈ ചെയ്യാം. കാര്‍ഡ് വെരിഫൈ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് ഇടപാടിനായി ഉപയോഗിക്കാം.

ഫോണ്‍ പേ ആപ്പില്‍ ലഭിക്കുന്ന സര്‍വ്വീസുകള്‍ക്കും ഉല്പന്നങ്ങള്‍ക്കും പേ ചെയ്യാനും ഫോണ്‍ പേ കച്ചവടക്കാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പണം നല്‍കാനും ഇതുവഴി സാധിക്കുമെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, മാസ്ട്രോ, ഡൈനേഴ്സ്, അമേരിക്കന്‍ എക്സ്പ്രസ്, രൂപെ ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ ഫോണ്‍ പേ സപ്പോര്‍ട്ട് ചെയ്യും.

പേടിഎം വഴി:

പെടിഎം ആപ്പിലും മുകള്‍ പറഞ്ഞ അതേ സ്റ്റെപ്പുകള്‍ ചെയ്താല്‍ മതി കാര്‍ഡ് ആഡ് ചെയ്ത് ഇടപാട് നടത്താം. എല്ലാ ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളും പേടിഎം സപ്പോര്‍ട്ട് ചെയ്യും.