സ്ഥിരനിക്ഷേപം അതെത്രയെങ്കിലും ആയിക്കോള്ളട്ടെ! റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കും

 

സാധാരണ സേവിങ്സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുമെന്നതിനാലാണ് നിരവധിയാളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പിറകേ പോകുന്നത്. അക്കൂട്ടത്തിലൊരാളാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തില്‍ ആര്‍.ബി.ഐ അടുത്തിടെയായി കൊണ്ടുവന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.

അടുത്തിടെ, ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ബാങ്കുകള്‍ ഇതര ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളിന്മേലുള്ള പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ എഫ്.ഡിയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണ്. നിലവില്‍ സ്ഥിരനിക്ഷേപമുള്ളവര്‍ക്കും സ്ഥിരനിക്ഷേപം നടത്താന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഈ നിയമങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം.

ആര്‍.ബി.ഐയുടെ പുതിയ നിയമം:

ആര്‍.ബി.ഐയുടെ പുതുക്കിയ ചട്ടപ്രകാരം സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി പൂര്‍ത്തിയായശേഷവും നിങ്ങള്‍ തുക തിരിച്ചെടുക്കുകയോ ക്ലെയിം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിന്മേല്‍ ലഭിക്കുന്ന പലിശ നിരക്ക് കുറയും. ഈ സാഹചര്യത്തില്‍ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമായ പലിശ നിരക്ക് മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

അഞ്ചോ പത്തോ വര്‍ഷത്തേയ്ക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മിക്ക ബാങ്കുകളും അഞ്ച് ശതമാനത്തിനു മുകളില്‍ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ കാലയളവിലേക്കുള്ള സേവിങ്സ് അക്കൗണ്ടുകളുടെ പലിശ വെറും മൂന്നോ നാലോ ശതമാനം മാത്രമാണ്. അതായത്, സ്ഥിരനിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായശേഷവും പണം എടുത്തില്ലെങ്കില്‍ പലിശ നിരക്ക് സേവിങ്സ് അക്കൗണ്ടുകളുടേതോ കാലാവധി പൂര്‍ത്തിയായ എഫ്.ഡിയുടേതോ അനുസൃതമായിരിക്കും. ഇതില്‍ ഏത് പലിശ നിരക്കാണ് കുറവ് അതായിരിക്കും എഫ്.ഡിയ്ക്ക് ബാധകമാകുക.

ഈ ചട്ടങ്ങള്‍ എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും പ്രാദേശിക ബാങ്കുകള്‍ക്കും ബാധകമാണ്.

എഫ്.ഡിയുമായി ബന്ധപ്പെട്ട പഴയ നിയമം:

പഴയ നിയമപ്രകാരം കാലാവധി പൂര്‍ത്തിയായശേഷം നിങ്ങള്‍ സ്ഥിര നിക്ഷേപം പിന്‍വലിച്ചില്ലെങ്കില്‍ നിങ്ങള്‍ നേരത്തെ തെരഞ്ഞെടുത്ത അതേ കാലയളവിലേക്ക് ബാങ്ക് എഫ്.ഡി നീട്ടുകയായിരുന്നു ചെയ്യുക.