നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന റിട്ടേണിനെ പണപ്പെരുപ്പം ബാധിക്കുന്നുണ്ടോ? പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണം ഉള്‍പ്പെടുത്തി നോക്കൂ

പൊതുവെ ഇന്ത്യയില്‍ പരമ്പരാഗതമായി സ്വര്‍ണത്തെ ഒരു പ്രൈം ഇന്‍വെസ്റ്റ്മെന്റ് പ്രൊഡക്ട് ആയാണ് കാണുന്നത്. അക്ഷയ തൃദീയ, ദിപാവലി എന്നിങ്ങനെയുള്ള വേളകളിലെല്ലാം ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയും വിവാഹം, കുടുംബങ്ങളുടെ ഒത്തുചേരല്‍ എന്നിങ്ങനെയുള്ള വേളകളിലെല്ലാം അണിയുകയും ചെയ്യാറുണ്ട്. ആളുകള്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുകയും ഒപ്പം പാരമ്പര്യമായി കൈമാറുകയും ചെയ്യാറുണ്ട്.

ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഫണ്ട്, ഗോള്‍ഡ് ഇ.ടി.എഫ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് തുടങ്ങി പലവിധ നിക്ഷേപ മാര്‍ഗങ്ങള്‍ വന്നതോടെ പതിയെ ആളുകള്‍ നിക്ഷേപലക്ഷ്യങ്ങള്‍ മാത്രം മനസില്‍ കണ്ട് പേപ്പര്‍ ഗോള്‍ഡിലേക്ക് മാറുന്നുണ്ട്. ഈ പണപ്പെരുപ്പ കാലത്ത് അതിനെ എതിരിടാന്‍ കഴിയുന്ന ഒരു നിക്ഷേപമായി സ്വര്‍ണം മാറിക്കഴിഞ്ഞിരിക്കുകയാണ്.

ഉയര്‍ന്ന റിട്ടേണ്‍:

ഇന്ന് ലഭ്യമായ മറ്റ് നിരവധി ഓപ്ഷനുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ തുടര്‍ച്ചയായി മെറിറ്റ് നിലനിര്‍ത്താന്‍ കഴിയുന്ന നിക്ഷേപമാണ് സ്വര്‍ണം. ഏറുകയും കുറയുകയും ചെയ്യുന്ന പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ട് വിലയിരുത്തുമ്പോള്‍ കാലങ്ങളായി സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടെ രൂപയുടെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് പത്തുശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ സ്വര്‍ണത്തില്‍ നിന്നുള്ള വാര്‍ഷിക റിട്ടേണ്‍ പതിനൊന്ന് ശതമാനമാണ്. ഇക്കാലയളവില്‍ തന്നെ സ്വര്‍ണത്തിന്റെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്സ് സൂചിക 6.3% ആയി ഉയര്‍ന്നു. എന്തുകൊണ്ട് സ്വര്‍ണത്തെ പണപ്പെരുപ്പം ബാധിക്കാത്ത ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായി കണക്കാക്കുന്നുവെന്നതിനുള്ള വ്യക്തമായ ഉത്തരമാണിത്.

സുരക്ഷിതമായ നിക്ഷേപം:

പണപ്പെരുപ്പത്തിന്റെ കാര്യം എന്തുതന്നെയായാലും, സ്വര്‍ണം ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായിരിക്കണം. പണപ്പെരുപ്പത്തിന് പുറമേ ഓഹരി വിപണിയിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് നിരവധി ഘടകങ്ങളും അപകടങ്ങളുമുണ്ട്. അടുത്തിടെ ഉക്രൈനിലും റഷ്യയിലും നമ്മള്‍ കണ്ടതുപോലുള്ള ജിയോപൊളിറ്റിക്കല്‍ അസ്വാരസ്യങ്ങളും ഇതില്‍പ്പെടും. ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണം നിക്ഷേപകരെ സംബന്ധിച്ച് സുരക്ഷിതമാണ്. അതുകൊണ്ടുതന്നെ പോര്‍ട്ട്ഫോളിയോയുടെ 10-20 ശതമാനത്തോളം സ്വര്‍ണത്തിന് അനുവദിക്കണമെന്നാണ് പൊതുവില്‍ നിര്‍ദേശിക്കാറുള്ളത്.

വിശ്വസനീയമായ കൊളാറ്ററല്‍:

മികച്ച നിക്ഷേപം എന്നത് മാത്രമല്ല സ്വര്‍ണം കൊണ്ടുള്ള ഉപയോഗം. സ്വര്‍ണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് സ്വര്‍ണാഭരണങ്ങളാണെങ്കിലും, അത്യാവശ്യ വേളയില്‍ വായ്പകള്‍ക്ക് ഈ ലോഹത്തെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. സ്വര്‍ണപ്പണയ വായ്പകള്‍ പൊതുവെ കുറഞ്ഞ പലിശയുള്ളതും വലിയ പ്രയാസങ്ങളില്ലാതെ കിട്ടുന്നതുമാണ്. മറ്റ് ലോണുകളില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണവായ്പകള്‍ക്ക് ലോണ്‍ കാലാവധി കഴിയുന്നതിനിടയില്‍ നിരക്കുകളില്‍ വലിയ വ്യത്യാസം വരാനുള്ള സാധ്യതയും കുറവാണ്.