വിജയ് മല്യ ചോദിക്കുന്നു - കിംഗ്ഫിഷറിനെ രക്ഷിക്കാൻ മൻമോഹൻ ശ്രമിച്ചപ്പോൾ കുറ്റപ്പെടുത്തിയ മോദി ഇപ്പോൾ ജെറ്റിനെ സഹായിക്കാൻ പറയുന്നു, എന്തിന് ഈ ഇരട്ടത്താപ്പ് ?

പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ ബാങ്കുകള്‍ അടിയന്തരമായി 1500 കോടി രൂപ നല്‍കണണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയർലൈൻസിന്റെ സ്ഥാപകനുമായ വിജയ് മല്യ.

കിംഗ്ഫിഷര്‍ വലിയ പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് വിജയ് മല്യയുടെ വിമര്‍ശനം. കിംഗ്ഫിഷറിനെ രക്ഷിക്കാനായി തന്റെ നിക്ഷേപങ്ങള്‍ സ്വീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും വിജയ് മല്യ പറഞ്ഞു. ഇന്ന് ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും  മല്യ ട്വിറ്ററില്‍ കുറ്റപ്പെടുത്തി.” കിംഗ്ഫിഷര്‍ കമ്പനിയേയും തൊഴിലാളികളേയും രക്ഷിക്കാന്‍ 4000 കോടി രൂപ ഞാന്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, സാധ്യമായ വഴികളിലൂടെയെല്ലാം എന്നെ ആക്രമിക്കുകയായിരുന്നു . ഇതേ പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ് കിംഗ്ഫിഷര്‍ എന്ന വലിയ കമ്പനിയെ ഇല്ലാതാക്കിയത്. ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ നോക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ കാണുന്നത് – മല്യ പറയുന്നു.

അന്ന് കിംഗ്ഫിഷറിനെ രക്ഷിക്കാന്‍ നോക്കിയ മന്‍മോഹന്‍ സിംഗ് സർക്കാരിനെ ബി.ജെ.പി വിമര്‍ശിച്ചു. എന്നാല്‍ ബി.ജ.പിയുടെ സർക്കാർ അതേ സഹായം ഇപ്പോള്‍ ജെറ്റ് എയര്‍വേയ്സിന് ചെയ്തു കൊടുക്കുന്നു. ഞാന്‍ ഇപ്പോള്‍ ജെറ്റ് എയര്‍വേയ്സിനായി മുന്നോട്ടുവെയ്ക്കുന്ന സഹായം ബാങ്കുകള്‍ സ്വീകരിക്കണം. ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കണം. അതാണ് എന്റെ ആവശ്യം- മല്യ ട്വിറ്ററില്‍ കുറിച്ചു. കടങ്ങള്‍ കൊടുത്തു തീര്‍ക്കാനായി കര്‍ണാടക കോടതിക്ക് മുമ്പില്‍ ലിക്വിഡ് അസറ്റ് നല്‍കാന്‍ തയ്യാറാണെന്ന് താന്‍ അറിയിച്ചിരുന്നെങ്കിലും ബാങ്കുകള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും മല്യ കുറ്റപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ ബാങ്കുകള്‍ 1500 കോടി രൂപ ജെറ്റ് എയര്‍വേയ്സിന് സഹായമായി നല്‍കണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം എസ്.ബി.ഐ അടക്കമുള്ള ദേശസാല്‍കൃതബാങ്കുകള്‍ ജെറ്റ് എയര്‍വേയ്സ് ഏറ്റെടുത്തു നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.