കേരളത്തിൽ ഹോട്ടൽ ശ്രംഖല തുറക്കാൻ ശ്രുതി ഷിബുലാൽ, 300 കോടി മുതൽ മുടക്കും, ആദ്യ ഹോട്ടൽ തിരുവനന്തപുരത്ത്

ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എസ്. ഡി ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ തന്റെ ഹോട്ടൽ ശ്രംഖല കേരളത്തിലേക്ക് വ്യാപിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്തായി ആണ് പുതിയ പഞ്ച നക്ഷത്ര ഹോട്ടലായ ഒ ബൈ താമര പ്രവർത്തനം തുടങ്ങിയത്. ശ്രുതി സി ഇ ഒയും ഡയറക്ടറുമായ താമര ലെഷർ എക്‌സ്‌പീരിയൻസാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2009 ലാണ് ആദ്യ ഹോട്ടൽ ലോഞ്ച് ചെയ്തത്. ബംഗളുരുവിലായിരുന്നു തുടക്കം.

തിരുവനന്തപുരത്തെ പുതിയ ഹോട്ടലിൽ 152 മുറികളാണുള്ളത്. കേരളത്തിൽ കൂടുതൽ ഹോട്ടലുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു. ഹോട്ടൽ വ്യവസായ രംഗത്ത് കേരളത്തിൽ 300 കോടി രൂപ മുതൽ മുടക്കാനാണ് പദ്ധതി. ആലപ്പുഴയിലും കണ്ണൂരിലുമാണ് അടുത്ത ഹോട്ടലുകൾ ആരംഭിക്കുക. ജർമനിയിൽ മൂന്ന് ഹോട്ടലുകൾ കമ്പനിക്കുണ്ട്. 2025 ഓടെ ജർമനിയിൽ കമ്പനിക്ക് 1000 റൂമുകൾ ഉണ്ടാകുമെന്ന് ശ്രുതി വ്യക്തമാക്കി.