കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയിലാണ് അപകടമുണ്ടായത്. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളായ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് മരിച്ചത്. ഇന്നലെ രാത്രി 10.45-ഓടെയായിരുന്നു അപകടം.

ഗ്യാസ് സിലിണ്ടറുമായി പോയ ലോറി കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോയ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കാറില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.