നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ സ്വദേശി ഷഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷഫീഖ് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

മെയ് മൂന്നിനായിരുന്നു പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയിരുന്നു.

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലുള്ള കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. മൃതദേഹം പൊതിഞ്ഞിരുന്ന ആമസോണിന്റെ കവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. യുവതിയുടെ മൊഴി അനുസരിച്ച് ആണ്‍സുഹൃത്തിനെതിരെ കേസെടുക്കാനായിരുന്നു പൊലീസിന്റെ തീരുമാനം.

Read more

അറസ്റ്റിന് ശേഷം യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുവതി ആരോഗ്യനില വീണ്ടെടുത്തതോടെ ആണ്‍സുഹൃത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഷഫീഖിനെതിരെ പൊലീസ് കേസെടുത്തത്.