ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പരിപാടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്തതില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. സംഭവത്തില്‍ ഇന്ത്യയുടെ ആശങ്കയും പ്രതിഷേധവും അറിയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

തീവ്രവാദത്തിനും വിഘടന വാദത്തിനും കാനഡ ഇടം നല്‍കുകയാണെന്ന് വ്യക്തമായതായി ഇന്ത്യ വിമര്‍ശനം ഉന്നയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 28ന് ടൊറന്റോയില്‍ നടന്ന ഖല്‍സ പരേഡിലായിരുന്നു ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്തത്.

ജസ്റ്റിന്‍ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോള്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ട്രൂഡോ സംസാരിക്കുന്നതിനിടയിലും ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് സംസാരിക്കാന്‍ കയറുമ്പോഴും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.

സിഖ് സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രസംഗത്തില്‍ ട്രൂഡോ വ്യക്തമാക്കി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി വേദിയില്‍ സംസാരിക്കുന്നതിനിടെ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തിയത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.