ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

സഞ്ചാരി പ്രവാഹം പരിധിവിട്ടതോടെ ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. സഞ്ചാരികളുടെ അനിയന്ത്രിതമായ ഒഴുക്ക് കനത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഊട്ടി-കൊടൈക്കനാല്‍ യാത്രക്കാര്‍ക്ക് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താനാണ് കോടതി തീരുമാനം.

മെയ് 7മുതല്‍ ജൂണ്‍ 30വരെയാണ് ഊട്ടി-കൊടൈക്കനാല്‍ യാത്രക്കാര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് രാജ്യവ്യാപകമായി പരസ്യം നല്‍കാന്‍ നീലഗിരി, ദിണ്ടുഗല്‍ ജില്ലാ കളക്ടര്‍മാക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

സഞ്ചാരികളുടെയും വാഹനങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് പാസ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിലവില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ വരെ ഊട്ടി-കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ എത്തുന്നുണ്ട്.