സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രചരിച്ച വ്യാജ വീഡിയോയില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. സംഭവത്തെ തുടര്‍ന്ന് വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. മെയ് 1ന് ആണ് രേവന്ത് റെഡ്ഡിയോട് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് അറിയിച്ചിരിക്കുന്നത്.

സംവരണ ക്വാട്ട നിറുത്തലാക്കണമെന്ന് അമിത്ഷാ പ്രസംഗിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ വ്യാജമാണെന്നും പ്രചരിപ്പിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

അമിത്ഷായ്‌ക്കെതിരെയുള്ള വീഡിയോ തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വീഡിയോ വ്യാജമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.