മടക്കാവുന്ന സാംസങ് ഫോണിന്റെ വരവ് വൈകും, മടക്കുമ്പോൾ സ്‌ക്രീൻ പൊട്ടുന്നതായി റിവ്യൂവിൽ കണ്ടെത്തി

യഥേഷ്ടം മടക്കാനും നിവർത്താനും കഴിയുന്ന സാംസംഗിന്റെ ആ അത്ഭുത ഫോണിനായുള്ള കാത്തിരിപ്പ് നീളും.

മടക്കി ഉപയോഗിക്കാവുന്ന സാംസങ് സ്മാർട്ഫോണുകൾ കമ്പനി നേരത്തെ പ്രഖ്യാപിച്ചതു പോലെ നേരത്തെ നിശ്ചയിച്ച തിയതിയിൽ അവതരിപ്പിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. മടക്കിയും തിരിച്ചും ഉപയോഗിക്കാവുന്ന സാംസങ് ഫോൾഡ് സ്ക്രീനുകൾ ആദ്യ ഉപയോഗത്തിൽ തന്നെ തകരാറിലാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ലോൻജ് മാറ്റിവച്ചത്. ഈ പുത്തൻ സാങ്കേതികവിദ്യ റിവ്യൂ ചെയ്യാനെത്തിയ പലർക്കും ഫോൺ ഫോൾഡ് ചെയ്യുമ്പോൾ സ്‌ക്രീനിന് കേടുപാടുകൾ സംഭവിക്കുന്നതായി കാണാനായി. റിവ്യൂ ചെയ്യുന്നവരിൽ നിന്നും പരാതി എത്തിയതോടെ ഫോണ്‍ വിപണിയിലിറക്കാനുള്ള നീക്കം സാംസങ് മാറ്റിവെച്ചു . മെയ് മൂന്നാം തിയതിയാണ് യു കെ വിപണിയിൽ ഫോണുകൾ എത്തിക്കാനിരുന്നത്. ഏകദേശം 2000 ഡോളർ (130,000 രൂപയിലധികം) ആണ് ഈ പുതിയ മോഡലിന് വിലയിട്ടിരുന്നത്.

മടക്കുമ്പോൾ ഒരു വലിയ സ്മാർട്ഫോണിന്റെ വലിപ്പവും നിവർത്തുമ്പോൾ ചെറിയ ടാബ്‌ലറ് കംപ്യുട്ടറിന്റെ വലിപ്പവും വരുന്ന സ്‌ക്രീനുകളുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് സാംസങ് ഈ ഫോൾഡ് ഫോണുകളുടെ ചില വീഡിയോകളും ഫോട്ടോഗ്രാഫുകളും പുറത്തുവിട്ടത്. വിപണിയിൽ വലിയ വിജയമുണ്ടാക്കുകയായിരുന്നില്ല, മറിച്ച് സ്മാർട്ഫോൺ ടെക്നോളജി രംഗത്ത് ഒരു പുതിയ ട്രെൻഡ് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ആരംഭഘട്ടത്തിലെ ലക്ഷ്യം എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പുത്തൻ പരീക്ഷണം അത്ര വിജയകരമാണോ എന്ന് വിദഗ്ദർ പരിശോധിച്ചുവരികയാണ്. തുടർച്ചയായി ഫോൾഡ് ചെയ്യുമ്പോൾ ഫോൺ സ്‌ക്രീൻ പൊട്ടാനോ, സ്ക്രാച്ച് വീഴാനോ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല, നീക്കം ചെയ്യേണ്ടതാണെന്ന ധാരണയിൽ വിദഗ്ധരിൽ ചിലർ സ്‌ക്രീനിനുമേൽ ഒട്ടിച്ച ചെറിയ പ്ലാസ്റ്റിക് ആവരണം നീക്കം ചെയ്തതും സ്‌ക്രീനിനെ അപകടത്തിലാക്കി.

മടക്കുമ്പോഴും നിവർത്തുമ്പോളും ഫോണിന്റെ അരിക് വശങ്ങളിൽ അധിക മർദം ഉണ്ടാകുന്നുവെന്നും അത് സ്‌ക്രീൻ പൊട്ടാൻ കാരണമാകുന്നുവെന്നാണ് കമ്പനി വിലയിരുത്തിയിരിക്കുന്നത്. രണ്ടു ലക്ഷം തവണ മടക്കാനും നിവർത്തനും കഴിയുമെന്നായിരുന്നു സാംസങിന്റെ അവകാശവാദം.