ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ്

പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റർ സർവീസ് ഇന്ത്യയുടെ ജി ഡി പി വളർച്ച നിരക്ക് താഴ്ത്തി. നടപ്പ് കലണ്ടർ വർഷത്തിൽ ഇന്ത്യയ്ക്ക് 6.2 ശതമാനം വളർച്ച കൈവരിക്കാനെ കഴിയൂ എന്നാണ് മൂഡിസിന്റെ പുതിയ വിലയിരുത്തൽ. നേരത്തെ ഇന്ത്യ 6.8 ശതമാനം ജി ഡി പി വളർച്ച കൈവരിക്കുമെന്ന് ഈ ഏജൻസി വിലയിരുത്തിയിരുന്നു. 2020ൽ ഇന്ത്യയ്ക്ക് 6.7 ശതമാനം വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് ഇവരുടെ എസ്റ്റിമേറ്റ്.

Read more

ആഗോള സാമ്പത്തിക മാന്ദ്യം പൊതുവെ ഏഷ്യൻ രാജ്യങ്ങളുടെ കയറ്റുമതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് വളർച്ച നിരക്ക് കുറയാൻ കാരണമാകുന്നത്. അനുകൂലമല്ലാത്ത സാമ്പത്തിക സ്ഥിതി നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു. നേരത്തെ ഐ എം എഫ് ഉൾപ്പടെയുള്ള വിവിധ ഏജൻസികൾ ഇന്ത്യയുടെ ജി ഡി പി വളർച്ച നിരക്ക് താഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂഡീസും സമാനമായ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.