ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയന്ത്രിക്കാൻ നിയമം വരുന്നു

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിലും പ്രചാരം വർധിക്കുന്ന സഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2018 -19 വർഷത്തേക്കുള്ള ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ക്രിപ്റ്റോ കറൻസികൾ എന്തണെന്ന് വ്യക്തമായ നിർവചനം നിയമത്തിൽ ഉണ്ടാകും.

ഇതിനെ കുറിച്ച് പഠനം നടത്തുന്നതിന് സർക്കാർ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അധ്യക്ഷനായ സമിതി ഒരു കരട് നിയമം തയാറാക്കിയതായി അറിയുന്നു. ക്രിപ്റ്റോകറൻസിയെ കറൻസിയായി പരിഗണിക്കണോ എന്ന കാര്യത്തിൽ ഇനിയും വ്യകതത കൈവന്നിട്ടില്ല. ഇത് ഒരു ക്യാപിറ്റൽ അസറ്റായോ, ഭൗതികമല്ലാത്ത അസറ്റായോ പരിഗണിക്കാം എന്ന തരത്തിലുള്ള ശുപാർശയാണ് കമ്മറ്റി മുന്നോട്ട് വയ്ക്കുന്നത്.

ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽ നല്ല തോതിൽ തന്നെ ഇടപാടുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈയിടെ ആദായനികുതി വകുപ്പ് കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. ആയിരത്തിലേറെ പേര് ഇതിനകം സജീവമായി ഈ രംഗത് നിക്ഷേപം നടത്തുന്നു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് വരെ ക്രിപ്റ്റോ കറൻസികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. എന്നാൽ നിരോധനം ഏർപെടുത്തിയിട്ടുമില്ല.