സ്വർണവില മാനം മുട്ടുന്നു, പവന് ഇന്ന് 320 രൂപ കൂടി 27,800 രൂപയായി, ഏറ്റവും ഉയർന്ന വില ഇന്ത്യയിൽ

വീണ്ടും കുതിച്ചു കയറി സ്വർണ വിപണി. പവന് 27,800 രൂപയും ഗ്രാമിന് 3475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില കുതിച്ചുയരുകയാണ്.

ഇന്ന് മാത്രം ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3435 രൂപയും പവന് 27,480 രൂപയുമായിരുന്നു നിരക്ക്. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർദ്ധനയാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

Read more

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഓണം, വിവാഹ സീസണുകൾ അടുത്തിരിക്കുന്നതിനാൽ വില വീണ്ടും കൂടാനും സാധ്യതയുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ രണ്ടു ശതമാനം ഉയർത്തി 12 ശതമാനമാക്കിയതും ഇന്ത്യൻ മാർക്കറ്റിലെ വിലക്കുതിപ്പിന് കാരണമായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ മൂന്ന് ശതമാനം ജി എസ് ടിക്ക് പുറമെ ഒരു ശതമാനം പ്രളയ സെസ്സ് കൂടി വരുന്നതോടെ നികുതി മാത്രം നാലു ശതമാനമാകും. പവന്റെ നിലവാരം 30,000 രൂപ മറികടക്കുമെന്നാണ് വിദ്ഗ്ദർ അനുമാനിക്കുന്നത്.