നിയമങ്ങൾ ഉദാരമാക്കി കാനഡ, രണ്ടാഴ്ചക്കകം വർക്ക് പെർമിറ്റ്, പുതിയ സ്വപ്ന തീരത്തേക്ക് തള്ളിക്കയറ്റം

കുടിയേറ്റക്കാരുടെ പുതിയ സ്വപ്നഭൂമിയായ കാനഡ ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ഉദാരമാക്കി. രാജ്യാന്തര തലത്തിൽ കഴിവ് തെളിയിച്ച ടെക്കികൾക്ക് രണ്ടാഴ്ചക്കകം താത്കാലിക വർക്ക് പെർമിറ്റ് നൽകുന്ന തീരുമാനമാണ് കാനഡ ഈയിടെ കൊണ്ടു വന്നിരിക്കുന്നത്. ടെക്കികൾക്ക് പുറമെ മറ്റു മേഖലകളിലെ സ്‌കിൽഡ് വർക്കേഴ്സിനും ഫാസ്റ്റ് ട്രാക്ക് റൂട്ടിൽ വേഗത്തിൽ വർക്ക് പെർമിറ്റ് ലഭിക്കും. ഇതോടെ അമേരിക്കയെ പിന്തള്ളി കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കൂടുതൽ ഊർജ്ജിതമായിരിക്കുകയാണ്. അമേരിക്ക വിസ നിയമങ്ങൾ ഈയിടെ കൂടുതൽ കർക്കശമാക്കിയതും കാനഡയെ കൂടുതൽ ആകർഷകമാക്കുന്നു.

Read more

കഴിഞ്ഞ വർഷം 321,065 പേർക്ക് കാനഡ വിസ അനുവദിച്ചു. 1913നു ശേഷം ഇതാദ്യമായാണ് ഒരു വർഷം ഇത്രയധികം പേർക്ക് വിസ അനുവദിക്കുന്നത്. വിദഗ്ധ ജോലിക്കാർക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും വിസ അനുവദിക്കുന്ന വിധത്തിൽ ചട്ടങ്ങൾ ഉദാരമാക്കിയിട്ടുണ്ട്. ഇവർക്കും കാനഡയിൽ ജോലി ചെയ്യുകയോ പഠിക്കുകയോ ആവാം. വിദേശത്തു നിന്നും കൂടുതൽ പേർ എത്തുന്നത് മൂലം കാനഡയിലെ ജനസംഖ്യ കഴിഞ്ഞ വർഷം 528,421 കണ്ട് വർധിച്ചിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇത്. വിദ്യാർത്ഥികളുടെയും താത്കാലിക ജീവനക്കാരുടെയും കാര്യത്തിൽ ഈയിടെ പ്രകടമായ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.